തിരുവനന്തപുരം: ആരോഗ്യ മന്ത്രി വീണ ജോർജിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മന്ത്രിയെ ആക്രമിച്ചെന്ന പേരിൽ റിമാൻഡിലായ കെ.എസ്.യു പ്രവർത്തകർക്ക് കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെയാണ് സതീശൻ രംഗത്തെത്തിയത്. മന്ത്രിയെ ആയുധം ഉപയോഗിച്ച് ആക്രമിച്ചെന്ന എഫ്.ഐ.ആർ റിപ്പോർട്ട് പച്ചക്കള്ളമാണെന്നും, കലാപമുണ്ടാക്കാൻ ശ്രമിച്ച മന്ത്രിക്കെതിരെ കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പോലീസിന്റെ കള്ളക്കളി പുറത്ത്
ആരോഗ്യ മന്ത്രിയെ ആയുധം ഉപയോഗിച്ച് ആക്രമിച്ച് പരിക്കേൽപ്പിച്ചു എന്നായിരുന്നു പോലീസ് തയ്യാറാക്കിയ എഫ്.ഐ.ആറിൽ രേഖപ്പെടുത്തിയിരുന്നത്. മന്ത്രിക്ക് ആയുധം കൊണ്ട് ഏതെങ്കിലും തരത്തിലുള്ള പരുക്ക് ഏറ്റതായി ജില്ലാ ആശുപത്രിയുടെ മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നില്ല. ഇല്ലാത്ത ആയുധത്തിന്റെ പേരിൽ കള്ളക്കേസ് ഉണ്ടാക്കാൻ പോലീസ് ശ്രമിച്ചുവെന്ന് സതീശൻ ആരോപിച്ചു.
സി.പി.എമ്മും മന്ത്രിയും മാപ്പ് പറയണം
സംഭവത്തെക്കുറിച്ച് പ്രതിപക്ഷ നേതാവ് പറഞ്ഞത് ഇങ്ങനെ:
”ആരോഗ്യ മന്ത്രിയും സി.പി.എമ്മും ചേർന്ന് കേരളത്തോട് മാപ്പ് പറയണം. ഇല്ലാത്ത കാര്യം ഉണ്ടെന്ന് വരുത്തിത്തീർത്ത് യുവാക്കളെ ജയിലിലടയ്ക്കാനാണ് അവർ ശ്രമിച്ചത്. ഇതിലൂടെ നാട്ടിൽ ഒരു കലാപം ഉണ്ടാക്കാനാണ് മന്ത്രി ലക്ഷ്യം വെച്ചത്. വ്യാജ ആരോപണം ഉന്നയിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച ആരോഗ്യ മന്ത്രിക്കെതിരെ ഉടൻ കേസെടുക്കണം.”
![]()
