തിരുവനന്തപുരം: കേരളത്തിൽ അടുത്ത മുഖ്യമന്ത്രിയായി ആര് വരണമെന്ന ജനങ്ങളുടെ താൽപ്പര്യത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുന്നേറ്റം തുടരുന്നു. മനോരമ ന്യൂസ് പുറത്തുവിട്ട ഏറ്റവും പുതിയ സർവേ ഫലങ്ങൾ പ്രകാരം 29.2 ശതമാനം പേരാണ് സതീശനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണയ്ക്കുന്നത്. ഫെബ്രുവരി ആദ്യവാരം 24.1 ശതമാനമായിരുന്ന പിന്തുണയാണ് ഇപ്പോൾ റെക്കോർഡ് നിലയിലേക്ക് ഉയർന്നിരിക്കുന്നത്.
നിലവിലെ മുഖ്യമന്ത്രി പിണറായി വിജയനും സർവേയിൽ തന്റെ നില മെച്ചപ്പെടുത്തിയിട്ടുണ്ട്. 25.1 ശതമാനം പേരുടെ പിന്തുണയുമായി പിണറായി വിജയൻ രണ്ടാം സ്ഥാനത്തുണ്ട്. ഫെബ്രുവരി അവസാന വാരത്തിൽ ഇത് 23.5 ശതമാനമായിരുന്നു. സർവേ ആരംഭിച്ചതിന് ശേഷമുള്ള പിണറായി വിജയന്റെ ഏറ്റവും ഉയർന്ന റേറ്റിങ്ങാണിത്. കോൺഗ്രസ് നേതാവ് ശശി തരൂരിന് 11.7 ശതമാനം പേരുടെ പിന്തുണ ലഭിച്ചു.
ഭരണവിരുദ്ധ വികാരം ശക്തമാകുന്നു?
സർക്കാരിന്റെ പ്രവർത്തനങ്ങളിൽ ജനങ്ങൾക്കിടയിൽ അതൃപ്തി വർധിക്കുന്നതായാണ് സർവേ നൽകുന്ന സൂചന. ഇടത് സർക്കാർ മാറണമെന്ന് ആഗ്രഹിക്കുന്നവരുടെ എണ്ണത്തിൽ വലിയ വർധനവുണ്ടായി. സർവേയിൽ പങ്കെടുത്ത 52.9 ശതമാനം പേരും ഭരണമാറ്റം വേണമെന്ന അഭിപ്രായക്കാരാണ്. കഴിഞ്ഞ ആഴ്ച ഇത് 48.1 ശതമാനമായിരുന്നു. അതേസമയം, എൽഡിഎഫ് സർക്കാർ തുടരണമെന്ന് ആഗ്രഹിക്കുന്നത് 43.3 ശതമാനം പേർ മാത്രമാണ്.
സർക്കാരിനോട് വിയോജിപ്പുണ്ടെങ്കിലും തുടരണമെന്ന് അഭിപ്രായപ്പെട്ടവർ 19.8 ശതമാനവും, സർക്കാരിനോട് യോജിക്കുകയും തുടരണം എന്ന് ആഗ്രഹിക്കുകയും ചെയ്യുന്നവർ 23.5 ശതമാനവുമാണ്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കേരള രാഷ്ട്രീയത്തിലെ ജനവികാരം ആർക്കൊപ്പം നിൽക്കുമെന്ന് വരും ആഴ്ചകളിലെ സർവേകൾ കൂടുതൽ വ്യക്തമാക്കും.
![]()
