തിരുവനന്തപുരം: പ്രാർത്ഥനാ മന്ത്രങ്ങൾ ഉരുവിട്ട് ലക്ഷക്കണക്കിന് ഭക്തലക്ഷങ്ങൾ ഇന്ന് ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാല അർപ്പിക്കും. കുംഭമാസത്തിലെ പൂരം നാളും പൗർണമിയും ഒത്തുചേരുന്ന പുണ്യദിനത്തിൽ അനന്തപുരി ഒരു വലിയ യാഗശാലയായി മാറും. രാവിലെ മുതൽ തന്നെ ക്ഷേത്ര പരിസരവും നഗരവീഥികളും പൊങ്കാല അടുപ്പുകൾ കൊണ്ട് നിറഞ്ഞു കഴിഞ്ഞു.
പ്രധാന ചടങ്ങുകൾ ഇങ്ങനെ:
- രാവിലെ 9.15: ക്ഷേത്രത്തിൽ ശുദ്ധപുണ്യാഹത്തോടെ ചടങ്ങുകൾ ആരംഭിക്കും.
- രാവിലെ 9.45 (അടുപ്പുവെട്ട്): തോറ്റംപാട്ടുകാർ പാണ്ഡ്യരാജാവിന്റെ വധം പാടിക്കഴിയുന്നതോടെ തന്ത്രി പരമേശ്വരൻ ഭട്ടതിരിപ്പാടിന്റെ സാന്നിധ്യത്തിൽ മേൽശാന്തി അനീഷ് നമ്പൂതിരി ശ്രീകോവിലിൽ നിന്ന് ദീപം തിടപ്പള്ളിയിലെ അടുപ്പിലേക്ക് പകരും. തുടർന്ന് ക്ഷേത്രത്തിന് മുൻവശത്തെ പണ്ടാര അടുപ്പിൽ തീ ജ്വലിപ്പിക്കും. ഈ സമയം ചെണ്ടമേളവും കരിമരുന്ന് പ്രയോഗവും വിളംബരമായി മുഴങ്ങും.
- ഉച്ചയ്ക്ക് 2.15 (പൊങ്കാല നിവേദ്യം): ഉച്ചപൂജയ്ക്ക് ശേഷം 2.15-നാണ് പൊങ്കാല നിവേദ്യം. 350-ഓളം പൂജാരിമാരെയാണ് നിവേദ്യത്തിനായി നിയോഗിച്ചിരിക്കുന്നത്. വിമാനത്തിൽ നിന്ന് പുഷ്പവൃഷ്ടി നടത്തുന്നതോടെ ഭക്തർ പൊങ്കാല അടുപ്പുകളിൽ തീ കെടുത്തും.
മറ്റ് ചടങ്ങുകൾ:
ചന്ദ്രഗ്രഹണം ഉള്ളതിനാൽ ഇന്ന് വൈകിട്ട് 3.10 മുതൽ രാത്രി 7.00 വരെ ക്ഷേത്രത്തിൽ ദർശനം ഉണ്ടായിരിക്കില്ല.
- രാത്രി 8.30: കുത്തിയോട്ട ബാലന്മാർക്കുള്ള ചൂരൽകുത്ത് ചടങ്ങ് നടക്കും.
- രാത്രി 10.45: ദേവി മണക്കാട് ധർമ്മശാസ്ത ക്ഷേത്രത്തിലേക്ക് എഴുന്നള്ളും.
നാളെ (മാർച്ച് 4) രാത്രി 9.45-ന് കാപ്പഴിച്ചു ദേവിയെ കുടിയിരുത്തുന്നതോടെ ചടങ്ങുകൾ പൂർത്തിയാകും. രാത്രി 12.45-ന് നടക്കുന്ന കുരുതി തർപ്പണത്തോടെ ഈ വർഷത്തെ ഉത്സവത്തിന് സമാപനമാകും.
പൊങ്കാല പ്രമാണിച്ച് തലസ്ഥാന നഗരിയിൽ വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കെഎസ്ആർടിസി പ്രത്യേക സർവീസുകൾ നടത്തുന്നുണ്ട്. കൂടുതൽ സ്ഥലസൗകര്യങ്ങളും കുടിവെള്ള ലഭ്യതയും ഉറപ്പുവരുത്തിയതായി ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു.