തിരുവനന്തപുരം: പശ്ചിമേഷ്യൻ രാജ്യങ്ങളിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, അവിടെ കഴിയുന്ന മലയാളികൾ ഉൾപ്പെടെയുള്ള പതിനായിരക്കണക്കിന് ഇന്ത്യൻ പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.
പശ്ചിമേഷ്യയിലെ സംഘർഷം വർധിക്കുന്നത് പ്രവാസികൾക്കിടയിൽ വലിയ ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്. ആശയവിനിമയ സംവിധാനങ്ങൾ തടസ്സപ്പെടുന്നതും അനിശ്ചിതാവസ്ഥ തുടരുന്നതും കേരളത്തിലെ ആയിരക്കണക്കിന് കുടുംബങ്ങളെ കടുത്ത മാനസിക വിഷമത്തിലാക്കിയിരിക്കുകയാണെന്ന് അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി.
കത്തിലെ പ്രധാന ആവശ്യങ്ങൾ:
- നയതന്ത്ര ഇടപെടൽ: സംഘർഷ ബാധിത മേഖലകളിലെ ഇന്ത്യൻ എംബസികളും കോൺസുലേറ്റുകളും വഴി പ്രവാസികൾക്ക് ആവശ്യമായ മാർഗനിർദേശങ്ങളും സുരക്ഷയും നൽകണം.
- സഹായ കേന്ദ്രങ്ങൾ: പ്രവാസികൾക്ക് ഏത് അടിയന്തര സാഹചര്യത്തിലും ബന്ധപ്പെടാൻ സാധിക്കുന്ന രീതിയിൽ എംബസികളിൽ മതിയായ സംവിധാനങ്ങൾ ഒരുക്കണം.
- മടക്കയാത്ര: സാഹചര്യം മോശമാകുന്ന പക്ഷം പ്രവാസികളെ സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ മുൻകൂട്ടി സ്വീകരിക്കണം.
”പതിറ്റാണ്ടുകളായി നമ്മുടെ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ താങ്ങിനിർത്തുന്നവരാണ് പ്രവാസികൾ. ഈ പ്രതിസന്ധി ഘട്ടത്തിൽ കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നുള്ള ശക്തമായ പിന്തുണയും സംരക്ഷണവും അവർ പ്രതീക്ഷിക്കുന്നുണ്ട്,” വി.ഡി. സതീശൻ കത്തിൽ വ്യക്തമാക്കി.
നിലവിലെ സാഹചര്യം നിരീക്ഷിക്കാനും പ്രവാസികളുടെ ക്ഷേമം ഉറപ്പാക്കാനും വിദേശകാര്യ മന്ത്രാലയത്തിന് ആവശ്യമായ നിർദ്ദേശങ്ങൾ നൽകണമെന്ന് അദ്ദേഹം പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചു.
![]()
