പത്തനംതിട്ട: ആഗോള അയ്യപ്പ സംഗമത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനായി ലക്ഷങ്ങൾ ചെലവിട്ട് ഫർണിച്ചറുകൾ വാങ്ങിയ സംഭവം വിവാദമാകുന്നു. പമ്പയിലെ ഗസ്റ്റ് ഹൗസിൽ മുഖ്യമന്ത്രിക്ക് താമസിക്കാൻ ഒരു ലക്ഷത്തിന് മുകളിൽ ചിലവിട്ട് കട്ടിലും മെത്തയും തലയണയും വാങ്ങിയെന്ന വിവരം വലിയ വിവാദമായി മാറി.
ചെലവാക്കിയത് ₹1,11,365!
ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കാൻ എത്തിയ മുഖ്യമന്ത്രിയുടെ സുഖകരമായ ഉറക്കത്തിനായി 1,11,365 രൂപയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് ചെലവഴിച്ചത്.
ദേവസ്വം ബോർഡിന്റെ ‘ക്യാപ്‌സ്യൂൾ’ മറുപടി
വിവാദം കൊഴുത്തതോടെ വിശദീകരണവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് രംഗത്തെത്തിയിട്ടുണ്ട്. മുഖ്യമന്ത്രിക്ക് വേണ്ടി മാത്രമായി വാങ്ങിയതല്ല ഇതെന്നും, പമ്പയിലെ ഗസ്റ്റ് ഹൗസ് നവീകരണത്തിന്റെ ഭാഗമായാണ് സാധനങ്ങൾ വാങ്ങിയതെന്നുമാണ് ബോർഡ് വാർത്താക്കുറിപ്പിൽ അറിയിച്ചത്.
”ഗസ്റ്റ് ഹൗസിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ കട്ടിലും മെത്തയും വാങ്ങിയത്. ഇത് വരും കാലങ്ങളിൽ വിവിഐപി (VVIP) അതിഥികൾക്ക് ഉപയോഗിക്കാനാണ് ലക്ഷ്യമിടുന്നത്.” – ദേവസ്വം ബോർഡ് വൃത്തങ്ങൾ
തിരിച്ചടിയാകുന്ന പത്രക്കുറിപ്പ്
എന്നാൽ ദേവസ്വം ബോർഡ് ഇറക്കിയ പത്രക്കുറിപ്പ് തന്നെ ബോർഡിന് തിരിച്ചടിയായിരിക്കുകയാണ്. പമ്പയിലെ ഗസ്റ്റ് ഹൗസിൽ നിലവിൽ മികച്ച സൗകര്യങ്ങൾ ഉണ്ടെന്നിരിക്കെ, മുഖ്യമന്ത്രി എത്തുന്ന ദിവസം തന്നെ ഇത്രയും തുകയുടെ ഫർണിച്ചറുകൾ വാങ്ങേണ്ട സാഹചര്യം എന്തായിരുന്നു എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാൻ അധികൃതർക്ക് കഴിയുന്നില്ല. മുഖ്യമന്ത്രിയുടെ സന്ദർശനത്തിനായി തിടുക്കപ്പെട്ട് ലക്ഷങ്ങൾ പൊടിച്ചത് അനാവശ്യ ധൂർത്താണെന്ന വികാരം ഭക്തജനങ്ങളിലും പൊതുജനങ്ങളിലും ശക്തമാണ്.
![]()
