തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും പിണറായി സർക്കാരിന്റെ ധൂർത്തിന് അറുതിയില്ല. കേരളത്തിന്റെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ മുഖ്യമന്ത്രിയുടെ പടുകൂറ്റൻ ഹോർഡിംഗുകൾ സ്ഥാപിക്കാൻ സർക്കാർ ചിലവാക്കുന്നത് 15 കോടി രൂപ.
ധൂർത്തിന്റെ കണക്കുകൾ ഇങ്ങനെ:
തിരുവനന്തപുരം മുതൽ കാസർകോഡ് വരെയുള്ള 248 പ്രീമിയം ലൊക്കേഷനുകളിലാണ് മുഖ്യമന്ത്രിയുടെയും സർക്കാരിന്റെയും ഹോർഡിംഗുകൾ പ്രത്യക്ഷപ്പെടുന്നത്. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നടത്തുന്ന ഈ പരസ്യ മാമാങ്കത്തിന് പിന്നിൽ കൃത്യമായ രാഷ്ട്രീയ അജണ്ടയുണ്ടെന്ന ആക്ഷേപം ശക്തമാണ്.
- പരസ്യ ഏജൻസികൾ: കൊച്ചി ആസ്ഥാനമായ ‘മൈത്രി’ പരസ്യ ഏജൻസിക്കും തൃശൂരിലെ ‘സീറോ ഡിഗ്രി’ ഏജൻസിക്കുമാണ് ഈ ബൃഹദ് പദ്ധതിയുടെ ചുമതല നൽകിയിരിക്കുന്നത്. എൽ.ഡി.എഫ് വരും എല്ലാം ശരിയാകും എന്ന പരസ്യ വാചകം തയ്യാറാക്കിയ ഏജൻസിയാണ് മൈത്രി.
- കാലയളവ്: 2026 ജനുവരി 28 മുതൽ ഫെബ്രുവരി 28 വരെ ഒരു മാസക്കാലമാണ് ഈ ഹോർഡിംഗുകൾ നിരത്തുകളിൽ നിറയുക.
- സർക്കാർ ഉത്തരവ്: പിആർഡി (Information & Public Relations Department) ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിച്ചു കഴിഞ്ഞു.
ജനരോഷം ഇരമ്പുന്നു
ക്ഷേമ പെൻഷനുകളും ശമ്പള പരിഷ്കരണ കുടിശ്ശികകളും നൽകാൻ പണമില്ലെന്ന് വിലപിക്കുന്ന സർക്കാർ, ഇത്തരത്തിൽ കോടികൾ പരസ്യത്തിനായി ഒഴുക്കുന്നത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. സാധാരണക്കാരൻ വിലക്കയറ്റത്തിൽ പൊറുതിമുട്ടുമ്പോൾ, ഭരണകൂടം സ്വന്തം പ്രതിച്ഛായ മിനുക്കാൻ പൊതുമുതൽ നശിപ്പിക്കുകയാണെന്ന വിമർശനം സോഷ്യൽ മീഡിയയിലും ശക്തമാണ്.
![]()
