പത്തനംതിട്ട: ശബരിമലയിലെ സ്വർണ്ണ ഇടപാടുകളുമായി ബന്ധപ്പെട്ട ക്രമക്കേടുകളിൽ അന്വേഷണം ചലച്ചിത്ര താരങ്ങളിലേക്കും. പ്രമുഖ നടൻ ജയറാമിനെ പ്രത്യേക അന്വേഷണ സംഘം (SIT) ചോദ്യം ചെയ്തതാണ് ഈ കേസിലെ പുതിയ വഴിത്തിരിവ്. ശബരിമലയിലെ സ്വർണ്ണം പൂശിയ കട്ടിളപ്പാളിയുമായി ബന്ധപ്പെട്ട വിവാദത്തിലാണ് താരത്തിൽ നിന്നും അന്വേഷണ സംഘം മൊഴിയെടുത്തത്.
അന്ന് പറഞ്ഞ മഹാഭാഗ്യം; ഇന്ന് വിനയായോ?
ശബരിമലയിലെ നട പുതുക്കിപ്പണിത സമയത്ത് ജയറാം നടത്തിയ ചില പരാമർശങ്ങളാണ് ഇപ്പോൾ അന്വേഷണ പരിധിയിൽ വന്നിരിക്കുന്നത്. അന്ന് മാധ്യമങ്ങളോട് സംസാരിക്കവെ താരം പറഞ്ഞ വാക്കുകൾ ഇങ്ങനെയായിരുന്നു:
”പുതുക്കിപ്പണിത അയ്യപ്പന്റെ നടയും സ്വർണ്ണത്തിൽ തീർത്ത കട്ടിളപ്പാളിയും… അത് തൊട്ടുതൊഴുത് ആദ്യമായി കർപ്പൂരം കാണിക്കാനുള്ള മഹാഭാഗ്യം എനിക്ക് കിട്ടി. പോറ്റിയും ഗോവർദ്ധനും ഇതിനായി എടുത്ത പ്രയത്നം വലുതാണ്.”
സ്വർണ്ണക്കടത്തിന് പിന്നിലെ പ്രധാനികളെന്ന് ആരോപിക്കപ്പെടുന്നവരെ പുകഴ്ത്തി അന്ന് താരം സംസാരിച്ചത് എന്തിനായിരുന്നു എന്നാണ് അന്വേഷണ സംഘം പ്രധാനമായും ചോദിച്ചറിഞ്ഞത്. ഗോവർദ്ധനുമായി താരത്തിന് എത്രത്തോളം ആഴത്തിലുള്ള ബന്ധമുണ്ടെന്നും സംഘം പരിശോധിക്കുന്നുണ്ട്.
ചോദ്യം ചെയ്യൽ ഇങ്ങനെ
കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലിൽ വെച്ചായിരുന്നു പ്രാഥമികമായ മൊഴിയെടുക്കൽ നടന്നതെന്നാണ് സൂചന. സ്വർണ്ണം നൽകിയതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ താരത്തിന് പങ്കുണ്ടോ അതോ വെറുമൊരു ഭക്തൻ എന്ന നിലയിലാണോ താരം അവിടെ എത്തിയത് എന്ന കാര്യത്തിൽ വ്യക്തത വരുത്താനാണ് SIT ശ്രമിക്കുന്നത്.
അന്വേഷണം വിപുലീകരിക്കുന്നു
ശബരിമലയിലെ സ്വർണ്ണക്കട്ടിള നിർമ്മാണത്തിൽ വലിയ തോതിലുള്ള ക്രമക്കേടുകൾ നടന്നതായും, തൂക്കത്തിൽ വ്യത്യാസമുണ്ടെന്നും നേരത്തെ ആക്ഷേപം ഉയർന്നിരുന്നു. കേസിലെ പ്രധാന പ്രതികളുമായി അടുത്ത ബന്ധം പുലർത്തുന്ന വിഐപികളുടെ പട്ടിക അന്വേഷണ സംഘം തയ്യാറാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ സിനിമാ-രാഷ്ട്രീയ പ്രമുഖരെ ചോദ്യം ചെയ്തേക്കും.
![]()
