തിരുവനന്തപുരം: ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ വികസന പദ്ധതികളുടെ കരാർ നൽകിയതിൽ കോടികളുടെ അഴിമതി നടന്നുവെന്ന ആരോപണവുമായി യൂത്ത് കോൺഗ്രസ്. വട്ടിയൂർക്കാവ് എംഎൽഎ വി.കെ പ്രശാന്തിന്റെ നേതൃത്വത്തിലുള്ള സഹകരണ സംഘത്തിന് വഴിവിട്ട രീതിയിൽ കരാർ നൽകാൻ ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് ഇടപെട്ടുവെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. വീണ എസ് നായർ വിജിലൻസിൽ പരാതി നൽകി.
മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി ‘വൈബ്കോസിന്’ കരാർ
ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ ലെഷർ ആൻഡ് അഡ്വഞ്ചർ പദ്ധതി, ഗ്ലാസ് ബ്രിഡ്ജ് നിർമ്മാണം എന്നിവയിലാണ് ഗുരുതരമായ ക്രമക്കേടുകൾ നടന്നിട്ടുള്ളത്. 2021-ൽ ആരംഭിച്ച ലെഷർ ആൻഡ് അഡ്വഞ്ചർ പദ്ധതിയുടെ ടെണ്ടറിൽ പങ്കെടുക്കാൻ 10 ലക്ഷം രൂപ വിറ്റുവരവും മുൻപരിചയവും വേണമെന്നിരിക്കെ, 2021 ഓഗസ്റ്റിൽ മാത്രം രജിസ്റ്റർ ചെയ്ത ‘വൈബ്കോസ്’ (Vattiyoorkavu Youth Brigade Entrepreneurs Co-Operative Society) എന്ന സൊസൈറ്റിക്ക് ഇത് എങ്ങനെ ലഭിച്ചുവെന്നതാണ് പ്രധാന ചോദ്യം.
പരാതിയിലെ പ്രധാന ആരോപണങ്ങൾ:
- അയോഗ്യത മറച്ചുവെച്ചു: മുൻ സാമ്പത്തിക വർഷങ്ങളിലെ നികുതി രേഖകൾ ഹാജരാക്കാൻ കഴിയാതിരുന്നിട്ടും വി.കെ പ്രശാന്ത് എംഎൽഎ ചീഫ് പ്രൊമോട്ടറാണെന്ന കത്തിന്റെ അടിസ്ഥാനത്തിൽ വൈബ്കോസിന് കരാർ നൽകി.
- വരുമാന വിഹിതം: ടിക്കറ്റ് വരുമാനത്തിന്റെ 75 ശതമാനവും വൈബ്കോസിനാണ് ലഭിക്കുന്നത്.
- സർട്ടിഫിക്കറ്റ് ദാനം: ആദ്യ പദ്ധതിക്ക് ശേഷം, ഇവർക്ക് ‘അഡ്വഞ്ചർ ടൂറിസം സർവീസ് പ്രൊവൈഡർ’ എന്ന അംഗീകാര പത്രം ടൂറിസം വകുപ്പ് നൽകി. ഇത് പിന്നീട് വന്ന ഗ്ലാസ് ബ്രിഡ്ജ് കരാർ ഇവർക്ക് തന്നെ ഉറപ്പിക്കാനുള്ള തന്ത്രമായിരുന്നു.
- ഗ്ലാസ് ബ്രിഡ്ജ് അഴിമതി: ഗ്ലാസ് ബ്രിഡ്ജ് നിർമ്മാണത്തിൽ യാതൊരു പ്രാവീണ്യവുമില്ലാത്ത വൈബ്കോസിന് 4.5 കോടി രൂപ വരെ വാർഷിക വരുമാനം ലഭിക്കാവുന്ന കരാർ കൈമാറി. ഈ പാലം ഉദ്ഘാടനത്തിന് മുൻപേ തകർന്നത് വലിയ വിവാദമായിരുന്നു.
”ഒരു എംഎൽഎ ചീഫ് പ്രൊമോട്ടറായ സ്ഥാപനത്തിന് വേണ്ടി ടൂറിസം വകുപ്പും ഡിടിപിസിയും ടെണ്ടർ വ്യവസ്ഥകളിൽ ഇളവ് വരുത്തിയത് ഗുരുതരമായ സത്യപ്രതിജ്ഞാ ലംഘനവും അഴിമതിയുമാണ്. ഇതിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണം,” – അഡ്വ. വീണ എസ് നായർ.
രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചുള്ള അഴിമതി
കേന്ദ്ര സർക്കാരിന്റെ ഉദ്യം പോർട്ടലിൽ ‘ട്രേഡിങ്ങ്’ എന്ന് രേഖപ്പെടുത്തിയ ഒരു സൊസൈറ്റിക്ക് എങ്ങനെയാണ് ടൂറിസം പദ്ധതികളുടെ നിർമ്മാണക്കരാർ ലഭിച്ചതെന്നത് ദുരൂഹമാണ്. എംഎൽഎയുടെ സ്വാധീനമുപയോഗിച്ച് ഡിടിപിസിയിൽ സമ്മർദ്ദം ചെലുത്തിയാണ് ഈ അഴിമതി നടത്തിയതെന്നും പരാതിയിൽ വ്യക്തമാക്കുന്നു. സംഭവത്തിൽ എംഎൽഎ വി.കെ പ്രശാന്ത്, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ അന്വേഷണം വേണമെന്നാണ് യൂത്ത് കോൺഗ്രസിന്റെ ആവശ്യം.
![]()
