കോട്ടയം: വർഷങ്ങൾ നീണ്ട വാക്പോരുകൾക്കും തർക്കങ്ങൾക്കുമൊടുവിൽ എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും വീണ്ടും ഒന്നിക്കുന്നു. “എന്നെ എന്തെല്ലാം വെള്ളാപ്പള്ളി പറഞ്ഞിരിക്കുന്നു, അതെല്ലാം ഞാൻ ക്ഷമിച്ചു. അദ്ദേഹം പ്രായത്തിൽ എന്നേക്കാൾ വളരെ മുന്നിലുള്ള ആളല്ലേ,” എന്നായിരുന്നു സുകുമാരൻ നായരുടെ പ്രതികരണം. കേരളത്തിലെ രണ്ട് പ്രബല സമുദായ സംഘടനകൾ കൈകോർക്കുമ്പോൾ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത് ഈ ഐക്യത്തിൻ്റെ ഭാവിയിലേക്കാണ്.
പ്രായം ചർച്ചയാക്കി സോഷ്യൽ മീഡിയ
സുകുമാരൻ നായരുടെ പ്രസ്താവന പുറത്തുവന്നതോടെ ഇരുവരുടെയും പ്രായത്തെക്കുറിച്ചുള്ള തിരച്ചിലിലാണ് സോഷ്യൽ മീഡിയ. രേഖകൾ പ്രകാരം 1941 ഏപ്രിൽ 18-നാണ് ജി. സുകുമാരൻ നായരുടെ ജനനം. വരാനിരിക്കുന്ന ഏപ്രിലിൽ അദ്ദേഹത്തിന് 85 വയസ്സ് തികയും.
എന്നാൽ സുകുമാരൻ നായർ സൂചിപ്പിച്ചത് പോലെ വെള്ളാപ്പള്ളി നടേശൻ പ്രായത്തിൽ ഏറെ മുന്നിലാണ്. 1936 ജൂൺ 11-നാണ് വെള്ളാപ്പള്ളിയുടെ ജനനം. വരുന്ന ജൂണിൽ അദ്ദേഹത്തിന് 90 വയസ്സ് പൂർത്തിയാകും. അതായത് 85-ഉം 90-ഉം വയസ്സുള്ള രണ്ട് നേതാക്കളാണ് ഇപ്പോഴും കേരളത്തിലെ സാമൂഹിക-രാഷ്ട്രീയ മണ്ഡലങ്ങളിൽ നിർണ്ണായക തീരുമാനങ്ങൾ കൈക്കൊള്ളുന്നത്.
വിരമിക്കൽ പ്രായം വേണ്ടേ?
രണ്ട് നേതാക്കളും ഐക്യപ്പെടുന്നത് സ്വാഗതാർഹമാണെങ്കിലും, ഇരുവരുടെയും പ്രായം മുൻനിർത്തി വലിയ ചർച്ചകളും ഉയരുന്നുണ്ട്. അടുത്ത കാലത്തായി വെള്ളാപ്പള്ളി നടേശൻ നടത്തുന്ന വിവാദപരമായ പ്രസ്താവനകളും വർഗീയ ചുവയുള്ള വാക്കുകളും വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. പഴയ ശൗര്യം സുകുമാരൻ നായർക്കില്ലെന്ന വിലയിരുത്തലുകളും സമുദായത്തിനുള്ളിൽ തന്നെയുണ്ട്.
ഈ സാഹചര്യത്തിൽ, സമുദായ നേതാക്കൾക്ക് സ്ഥാനമൊഴിയാൻ ഒരു നിശ്ചിത പ്രായപരിധി വേണ്ടേ എന്ന ചോദ്യമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. പുതിയ തലമുറയ്ക്ക് വഴിമാറിക്കൊടുക്കാൻ സമുദായ നേതാക്കൾ തയ്യാറാകണമെന്ന വാദവും ശക്തമാകുന്നുണ്ട്.
![]()
