മലപ്പുറം: സി.പി.എം സഹയാത്രികരും ചാനൽ ചർച്ചകളിലെ ഇടതുപക്ഷ നിരീക്ഷകരും കൂട്ടത്തോടെ പാർട്ടി വിടുന്ന പശ്ചാത്തലത്തിൽ പരിഹാസവുമായി നിലമ്പൂർ എം.എൽ.എ പി.വി. അൻവർ. “നിരീക്ഷകരെ ആവശ്യമുണ്ട്” എന്ന തലക്കെട്ടോടെ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അൻവർ സി.പി.എമ്മിനെ രൂക്ഷമായി പരിഹസിച്ചത്.
ഇടത് നിരീക്ഷകനായിരുന്ന റെജി ലൂക്കോസ് ബി.ജെ.പിയിൽ ചേർന്നതും, മറ്റൊരു പ്രമുഖ നിരീക്ഷകൻ ബി.എസ്. ഹസ്‌കർ ഇടതുപക്ഷ നിരീക്ഷക പദവി രാജിവെച്ചതും ചൂണ്ടിക്കാട്ടിയാണ് അൻവറിന്റെ ഈ ‘പരസ്യം’ രൂപത്തിലുള്ള ട്രോൾ.
അൻവറിന്റെ ഫേസ്ബുക്ക് പോസ്റ്റിലെ പ്രധാന പരിഹാസങ്ങൾ:
- അർഹത: ഇടതുകണ്ണിലൂടെ കാണുന്നത് മാത്രം പറയാൻ കഴിവുള്ളവരാകണം.
- നിബന്ധന: ക്യാപ്‌സൂൾ കഴിച്ചതിന് ശേഷം മാത്രമേ നിരീക്ഷണം നടത്താവൂ.
- മുന്നറിയിപ്പ്: പാർട്ടി നയം ലംഘിച്ചാൽ ആദ്യം താക്കീത്, പിന്നാലെ ഭീഷണി എന്നിങ്ങനെയാണ് കാര്യങ്ങളുടെ പോക്കെന്നും അൻവർ കുറിച്ചു.
ചാനൽ ചർച്ചകളിൽ പാർട്ടിയെ പ്രതിരോധിക്കാൻ ആളില്ലാത്ത അവസ്ഥയിലേക്ക് സി.പി.എം മാറുകയാണെന്ന് അൻവർ പറയാതെ പറഞ്ഞു വെക്കുന്നു. പാർട്ടിക്കുള്ളിലെ ആഭ്യന്തര പ്രശ്നങ്ങളും അഭിപ്രായ സ്വാതന്ത്ര്യമില്ലായ്മയുമാണ് നിരീക്ഷകർ വിട്ടുപോകാൻ കാരണമെന്ന സൂചനയാണ് പോസ്റ്റ് നൽകുന്നത്.
![]()
