ലണ്ടൻ: മലയാള സാഹിത്യത്തിന് ലോകവേദിയിൽ തിളക്കമാർന്ന പുതുവത്സര സമ്മാനം. പ്രശസ്ത എഴുത്തുകാരൻ എസ്. മഹാദേവൻ തമ്പിയുടെ രണ്ട് കൃതികൾ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത് ലണ്ടനിലെ പ്രമുഖ പബ്ലിഷിംഗ് ഗ്രൂപ്പായ ടൈം ലെജൻഡ് പുറത്തിറക്കി. മലയാളത്തിലെ ഒരു എഴുത്തുകാരന്റെ രണ്ട് പുസ്തകങ്ങൾ ഒരേദിവസം ലണ്ടനിൽ പ്രകാശനം ചെയ്യപ്പെടുന്നത് ഇതാദ്യമായാണ്.
തമ്പിയുടെ ശ്രദ്ധേയമായ ‘മൃത്യുസൂത്രം’ എന്ന നോവലും, തിരഞ്ഞെടുത്ത കഥകളുടെ സമാഹാരമായ ‘വീപ്പിംഗ് നീഡിൽ’ (Weeping Needle) എന്നിവയാണ് പുറത്തിറങ്ങിയത്. രാധിക പി. മേനോനാണ് ‘മൃത്യുസൂത്ര’ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റിയത്. പി. മുരളീധരൻ, എം. ശ്രീനന്ദൻ എന്നിവർ ചേർന്നാണ് കഥകളുടെ വിവർത്തനം നിർവ്വഹിച്ചിരിക്കുന്നത്.
അബുദാബി ശക്തി അവാർഡ്, ദേവസ്വം ബോർഡിന്റെ മാധവ മുദ്ര പുരസ്കാരം എന്നിവ നേടിയ ‘മൃത്യുസൂത്രം’ ഇതിനോടകം ഹിന്ദി ഉൾപ്പെടെയുള്ള വിവിധ ഇന്ത്യൻ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. തമ്പിയുടെ പന്ത്രണ്ടോളം മികച്ച കഥകളാണ് ‘വീപ്പിംഗ് നീഡിൽ’ എന്ന സമാഹാരത്തിലുള്ളത്.
നേരത്തെ പ്രസിദ്ധീകരിച്ച ആസാദി, പർജ്, എവിക്റ്ററ്റ് ഫ്രം ഹെവൻ (Evicted from Heaven) എന്നീ കൃതികൾക്ക് ആഗോളതലത്തിൽ വായനക്കാരുടെ പ്രശംസ ലഭിച്ചിരുന്നു. പുതിയ പുസ്തകങ്ങളുടെ സൗത്ത് ഏഷ്യാ എഡിഷൻ ജനുവരിയിൽ തന്നെ ന്യൂദൽഹിയിലെ കൊണാറക് പബ്ലിഷേഴ്സ് വഴി ഇന്ത്യയിൽ ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു.
![]()
