തിരുവനന്തപുരം: മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വിദേശയാത്രകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. മന്ത്രിയായിരിക്കെ അദ്ദേഹം 15 ത വിദേശയാത്രകൾ നടത്തിയതായാണ് റിപ്പോർട്ടുകൾ. ശബരിമല സ്വർണ്ണക്കൊള്ള കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (SIT) ഈ യാത്രകളുടെ എല്ലാ വിശദാംശങ്ങളും ശേഖരിച്ചിട്ടുണ്ട്.
യു.കെ, ജർമ്മനി, ഫ്രാൻസ്, ഇറ്റലി, വത്തിക്കാൻ, യു.എ.ഇ, യു.എസ്.എ, സ്പെയിൻ, ഖസാക്കിസ്ഥാൻ, ജപ്പാൻ തുടങ്ങി വിവിധ രാജ്യങ്ങളിലേക്കായിരുന്നു ഈ യാത്രകൾ. ഇതിൽ ഭൂരിഭാഗവും ഔദ്യോഗിക ആവശ്യങ്ങൾക്കായിരുന്നെങ്കിലും ചില യാത്രകൾ തികച്ചും വ്യക്തിപരമായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.
സ്വകാര്യ സന്ദർശനങ്ങളും വിവാദവും
അദ്ദേഹത്തിന്റെ യാത്രകളിൽ നാലെണ്ണം സ്വകാര്യ സന്ദർശനങ്ങളായിരുന്നു. ഇതിൽ രണ്ട് തവണ യു.എ.ഇ സന്ദർശിച്ചു. കൂടാതെ വത്തിക്കാനിലും യു.എസ്.എയിലും അദ്ദേഹം സ്വകാര്യ സന്ദർശനം നടത്തിയിട്ടുണ്ട്. കടകംപള്ളി സുരേന്ദ്രന്റെ വിദേശയാത്രകളിലെ ലക്ഷ്യങ്ങളെക്കുറിച്ചും ആരെല്ലാമായി കൂടിക്കാഴ്ച നടത്തി എന്നതിനെക്കുറിച്ചും SIT വിശദമായ പരിശോധന നടത്തിവരികയാണ്.
ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മന്ത്രിയുടെ പഴയകാല യാത്രകൾ വീണ്ടും ചർച്ചയാകുന്നത്. ഈ യാത്രകളിൽ സ്വർണ്ണക്കൊള്ള കേസിലെ പ്രതികളുമായി എന്തെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളാണ് സംഘം പരിശോധിക്കുന്നത്.
![]()
