തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലുണ്ടായ ദയനീയ തോൽവിക്ക് കാരണം ഭരണവിരുദ്ധ വികാരമല്ലെന്ന് സി.പി.എം നേതൃത്വം. എന്നാൽ, നിയമസഭ മണ്ഡലങ്ങളുടെ അടിസ്ഥാനത്തിൽ ഫലം പരിശോധിക്കുമ്പോൾ ഭരണമുന്നണിയായ എൽ.ഡി.എഫിന് ആശങ്കയുണ്ടാക്കുന്ന കണക്കുകളാണ് പുറത്തുവരുന്നത്. ആകെയുള്ള 140 നിയമസഭ മണ്ഡലങ്ങളിൽ 80 സീറ്റിലും യു.ഡി.എഫിനാണ് ഭൂരിപക്ഷം നേടാനായത്. എൽ.ഡി.എഫിന് 58 സീറ്റുകളിൽ മാത്രമാണ് ലീഡ് നിലനിർത്താനായത്. ബി.ജെ.പിക്ക് രണ്ടിടത്ത് ഭൂരിപക്ഷം ലഭിച്ചു.
9 മന്ത്രിമാർക്ക് തിരിച്ചടി:
ഏറ്റവും ഗൗരവകരമായ വിഷയം പിണറായി വിജയൻ മന്ത്രിസഭയിലെ 9 മന്ത്രിമാർക്ക് സ്വന്തം നിയമസഭ മണ്ഡലങ്ങളിൽ കാലിടറി എന്നതാണ്. രാമചന്ദ്രൻ കടന്നപ്പള്ളി, ഒ.ആർ. കേളു, എം.ബി രാജേഷ്, പി. രാജീവ്, റോഷി അഗസ്റ്റിൻ, വീണ ജോർജ്, ഗണേഷ് കുമാർ, വി അബ്ദു റഹിമാൻ, വി. ശിവൻകുട്ടി എന്നീ മന്ത്രിമാരുടെ മണ്ഡലങ്ങളിലാണ് മുന്നണിക്ക് തോൽവി നേരിട്ടത്.
വി. ശിവൻകുട്ടിയുടെ മണ്ഡലമായ നേമത്ത് ബി.ജെ.പിയാണ് മുന്നിലെത്തിയത്. ബാക്കിയുള്ള 8 മന്ത്രിമാരുടെ മണ്ഡലങ്ങളിൽ യു.ഡി.എഫാണ് ഭൂരിപക്ഷം നേടിയത്.
രക്ഷപ്പെട്ടവരും നേരിയ ഭൂരിപക്ഷവും:
ധന, മരാമത്ത് മന്ത്രിമാർ സ്വന്തം മണ്ഡലങ്ങളിൽ കഷ്ടിച്ച് മാത്രമാണ് മുന്നിൽ എത്താനായത്. കെ.എൻ. ബാലഗോപാലിന്റെ മണ്ഡലമായ കൊട്ടാരക്കരയിൽ വെറും 144 വോട്ടാണ് എൽ.ഡി.എഫിന് മുൻതൂക്കം നേടാനായത്. പി.എ. മുഹമ്മദ് റിയാസിന്റെ മണ്ഡലമായ ബേപ്പൂരിലെ എൽ.ഡി.എഫ് ലീഡും തുച്ഛമാണ്. ഇവിടെ 1340 വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണ് ഇടതുമുന്നണിക്കുള്ളത്.
തദ്ദേശ തെരഞ്ഞെടുപ്പ് ഫലം നിയമസഭ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായുള്ള സൂചനയായി വിലയിരുത്തുമ്പോൾ, ഭരണകക്ഷിയുടെ വിശദീകരണം പൂർണ്ണമായും അംഗീകരിക്കാൻ കഴിയാത്ത സാഹചര്യമാണ് നിലനിൽക്കുന്നത്.
![]()
