കൊല്ലം: സംസ്ഥാന സർക്കാരിനെതിരെയും ദേശീയപാത നിർമ്മാണത്തിലെ അനാസ്ഥയിലും രൂക്ഷ വിമർശനവുമായി മുൻ മന്ത്രി ഷിബു ബേബി ജോൺ രംഗത്ത്. ദേശീയപാത തകർച്ചയിൽ മുഖ്യമന്ത്രി പിണറായി വിജയൻ കൈ ഒഴിഞ്ഞതിനെയാണ് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ പരിഹസിച്ചത്.
ഷിബു ബേബി ജോണിന്റെ വിമർശനം ഇങ്ങനെ:
”ഈ കുഞ്ഞ് ചിരിച്ചു കളിച്ചു നടക്കുമ്പോൾ പിണറായി പറയും, അത് തന്റേതാണെന്ന്. കുഞ്ഞിനൊരു വയറിളക്കം വന്നാൽ അപ്പോൾ പറയും അത് തന്റേതല്ലെന്ന്. ശരിക്കും ഈ കുഞ്ഞിന്റെ അച്ഛൻ ആരാണ്?”
ദേശീയപാതയിലെ അപകടങ്ങളെക്കുറിച്ചും നിർമ്മാണത്തിലെ അശാസ്ത്രീയതയെക്കുറിച്ചുമുള്ള ആശങ്കകളും അദ്ദേഹം പങ്കുവെച്ചു. ഇന്നലെ ദേശീയപാതയിൽ തലനാരിഴയ്ക്ക് ഒരു വൻ അപകടം ഒഴിവായി. 30-ൽപരം കുട്ടികൾ സഞ്ചരിച്ചിരുന്ന സ്കൂൾ വാൻ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ഈ സംഭവം ഒരു നിത്യസംഭവമായി മാറിയിരിക്കുന്നുവെന്നും ആരാണ് ഇതിന് ഉത്തരവാദിയെന്നും ഷിബു ബേബി ജോൺ ചോദിക്കുന്നു.
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് ദേശീയപാതയുടെ ഏതെങ്കിലുമൊക്കെ ഭാഗങ്ങൾ ഉദ്ഘാടനം ചെയ്യാൻ തയ്യാറാക്കണമെന്ന കർശന നിർദ്ദേശത്തിന്റെ ഭാഗമായി എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും അവഗണിച്ച് കടുത്ത സമ്മർദ്ദത്തിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഇത്രയും അശാസ്ത്രീയമായ ഒരു നിർമ്മാണ പ്രവർത്തനം ലോകത്ത് മറ്റെവിടെയെങ്കിലും നടക്കുമെന്ന് തോന്നുന്നില്ലെന്നും ദേശീയപാതയിലൂടെയുള്ള യാത്ര ‘മരണക്കിണറിലെ അഭ്യാസം പോലെ’ അപകടം നിറഞ്ഞതായി മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അപകടങ്ങളുണ്ടാകുമ്പോൾ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പരസ്പരം പഴിചാരി തലയൂരുകയാണെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട സർക്കാരുകൾ, ‘വേണമെങ്കിൽ സ്വയം സംരക്ഷിച്ചു കൊള്ളുക’ എന്നാണ് ജനങ്ങളോട് പറയുന്നതെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ കൂട്ടിച്ചേർത്തു.
![]()
