തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ സംസ്ഥാന സർക്കാർ ശമ്പള പരിഷ്കരണം പ്രഖ്യാപിക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ഏഷ്യാനൈറ്റിൽ ഉണ്ണി ബാലകൃഷ്ണനുമായുള്ള അഭിമുഖത്തിലാണ് ധനമന്ത്രിയുടെ പ്രഖ്യാപനം. എന്നാൽ, തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ വന്ന ഈ വാഗ്ദാനം, ജീവനക്കാരുടെയും പെൻഷൻകാരുടെയും ശക്തമായ പ്രതിഷേധം തണുപ്പിക്കാനുള്ള ‘ഇലക്ഷൻ തള്ള്’ മാത്രമാണെന്നാണ് പ്രതിപക്ഷ സർവ്വീസ് സംഘടനകളുടെ ആരോപണം.
2024 ജൂലൈ 1-ന് ലഭിക്കേണ്ട പന്ത്രണ്ടാം ശമ്പള പരിഷ്കരണം 16 മാസങ്ങൾ കഴിഞ്ഞിട്ടും സർക്കാർ നടപ്പാക്കിയിട്ടില്ല. ഇതിനായുള്ള കമ്മീഷനെ പോലും ബാലഗോപാൽ നിയമിച്ചിട്ടില്ലെന്നത് ജീവനക്കാർക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
കുടിശ്ശികയിൽ കേരളം ഒന്നാമത്
ജീവനക്കാർക്കും പെൻഷൻകാർക്കും 14 ശതമാനം ക്ഷാമബത്ത (ഡി.എ.) നിലവിൽ കുടിശ്ശികയാണ്. പ്രഖ്യാപിച്ച ക്ഷാമബത്തയും ക്ഷാമ ആശ്വാസവും (ഡി.ആർ.) കുടിശ്ശികയില്ലാതെ നൽകാത്ത രാജ്യത്തെ ഏക സംസ്ഥാനമാണ് കേരളം. കഴിഞ്ഞ 10 മാസമായി രാജ്യത്ത് വിലക്കയറ്റത്തിൽ ഒന്നാം സ്ഥാനത്ത് കേരളമാണ്. ക്ഷാമബത്ത കുടിശ്ശികയുടെ കാര്യത്തിലും സംസ്ഥാനം ഒന്നാം സ്ഥാനത്താണെന്നത് പ്രതിഷേധത്തിന്റെ ശക്തി വർധിപ്പിക്കുന്നു.
ജീവനക്കാർക്കും പെൻഷൻകാർക്കും നൽകാനുള്ള ആനുകൂല്യങ്ങൾ ഏകദേശം ഒരു ലക്ഷം കോടി രൂപയുടേതാണെന്നാണ് കണക്കുകൾ. നാല് ദിവസം മാത്രം അകലെ നിൽക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജീവനക്കാരുടേയും പെൻഷൻകാരുടേയും എതിർപ്പ് ശക്തമായ സാഹചര്യത്തിലാണ് ബാലഗോപാൽ ഈ വാഗ്ദാനം നൽകിയിരിക്കുന്നത്.
പ്രതിപക്ഷ ആരോപണം
നാല് മാസം മാത്രം കാലാവധിയുള്ള സർക്കാരാണ് നിലവിലുള്ളത്. ഈ തെരഞ്ഞെടുപ്പ് കാലത്തെ ബാലഗോപാലിന്റെ വാഗ്ദാനം ‘ഉടായിപ്പ്’ ആണെന്നാണ് പ്രതിപക്ഷ സർവീസ് സംഘടനകൾ ആരോപിക്കുന്നത്.
![]()
