കോഴിക്കോട്: കൊയിലാണ്ടി എംഎൽഎയും സിപിഐഎം നേതാവുമായ കാനത്തിൽ ജമീല (59) അന്തരിച്ചു. അർബുദ രോഗബാധയെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്ന് രാത്രിയോടെയായിരുന്നു അന്ത്യം. മൂന്ന് പതിറ്റാണ്ടിലേറെക്കാലം പൊതുപ്രവർത്തന രംഗത്ത് സജീവമായി പ്രവർത്തിച്ച ജനകീയ നേതാവായിരുന്നു അവർ.
സിപിഐഎം ജില്ലാ കമ്മിറ്റി അംഗമായ കാനത്തിൽ ജമീല, 2021 നിയമസഭാ തെരഞ്ഞെടുപ്പിലാണ് കൊയിലാണ്ടി മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തിയത്. കോൺഗ്രസിലെ എൻ. സുബ്രഹ്മണ്യനെ 8472 വോട്ടുകൾക്ക് പരാജയപ്പെടുത്തിയായിരുന്നു വിജയം.
സംസ്ഥാന രാഷ്ട്രീയത്തിൽ ശ്രദ്ധേയമായ സ്ഥാനങ്ങൾ വഹിച്ച വ്യക്തിയാണ് കാനത്തിൽ ജമീല. രണ്ട് തവണ കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി അവർ മികച്ച ഭരണപാടവം കാഴ്ചവെച്ചു. കൂടാതെ തലക്കുളത്തൂർ പഞ്ചായത്ത് പ്രസിഡന്റ്, ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
1966 മേയ് 5ന് കോഴിക്കോട്ടെ കുറ്റ്യാടിയിൽ ടി കെ അലിയുടെയും ടി കെ മറിയത്തിന്റെയും മകളായി ജനിച്ച കാനത്തിൽ ജമീല, പൊതുപ്രവർത്തനത്തിലൂടെയാണ് ശ്രദ്ധേയയായത്. അബ്ദുൽ റഹ്മാനാണ് ഭർത്താവ്. ഐറീജ് റഹ്മാൻ, അനൂജ സൊഹൈബ് എന്നിവരാണ് മക്കൾ.
![]()
