തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിനായുള്ള യു.ഡി.എഫ് (UDF) പ്രകടനപത്രികയിൽ കുറഞ്ഞ നിരക്കിൽ ഭക്ഷണം ലഭ്യമാക്കുന്നതിനുള്ള ‘ഇന്ദിര കാന്റീൻ’ (Indira Canteen) മാതൃകയിലുള്ള മെച്ചപ്പെട്ട കാന്റീനുകൾ ആരംഭിക്കുമെന്ന് പ്രഖ്യാപനം. ഇതോടെ, യു.ഡി.എഫ് പ്രകടനപത്രികയ്ക്ക് ഒരു ‘കർണാടക ടച്ച്’ ലഭിച്ചിരിക്കുകയാണ്. രാജ്യത്ത് ആദ്യമായി ഇന്ദിര കാന്റീൻ ആരംഭിച്ചത് കർണാടകയിലെ കോൺഗ്രസ് സർക്കാരാണ്.
🍽️ കുറഞ്ഞ വിലയ്ക്ക് വയറുനിറയെ ഭക്ഷണം
ബംഗളൂരുവിൽ കോൺഗ്രസ് സർക്കാർ ആരംഭിച്ച ‘ഇന്ദിര കാന്റീൻ’ പദ്ധതി, സമൂഹത്തിലെ ദരിദ്ര വിഭാഗങ്ങളെ ലക്ഷ്യമിട്ടുള്ളതാണ്. ഈ കാന്റീനുകളിൽ പ്രഭാതഭക്ഷണം 5 രൂപയ്ക്കും ഉച്ചഭക്ഷണവും അത്താഴവും 10 രൂപയ്ക്കുമാണ് ലഭിക്കുന്നത്. ദിവസക്കൂലിക്കാർ, വിദ്യാർത്ഥികൾ, ആശുപത്രികളിൽ പോകുന്നവർ, അന്യസംസ്ഥാന തൊഴിലാളികൾ തുടങ്ങിയവർക്ക് കുറഞ്ഞ ചിലവിൽ ഭക്ഷണം ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ 2017-ലാണ് ആദ്യമായി ഈ കാന്റീനുകൾ തുറന്നത്. എല്ലാ താലൂക്ക്, ജില്ലാ ആസ്ഥാനങ്ങളിലും ഇത്തരം സൗകര്യങ്ങൾ ഒരുക്കാൻ അന്ന് ശ്രമിച്ചിരുന്നു. 2018-ൽ കോൺഗ്രസ് അധികാരത്തിൽ നിന്നും പുറത്തായപ്പോൾ കാന്റീനുകൾ അവഗണിക്കപ്പെട്ടെങ്കിലും, 2023-ൽ കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തിയതോടെ ഇവയുടെ ശൃംഖല ശക്തിപ്പെടുത്താൻ തുടങ്ങി.
”പട്ടിണി കിടക്കുന്നവർക്കും ഹോട്ടലുകളിൽ പോയി ഭക്ഷണം കഴിക്കാൻ കഴിവില്ലാത്തവർക്കും ഭക്ഷണം നൽകാനാണ് കാന്റീനുകൾ സ്ഥാപിക്കുന്നത്,” സിദ്ധരാമയ്യ പറഞ്ഞു. ഈ മാതൃക പിന്തുടർന്നാണ് കേരളത്തിൽ യു.ഡി.എഫ് തദ്ദേശ സ്ഥാപന തലത്തിൽ കാന്റീനുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.
![]()
