തിരുവനന്തപുരം: ശബരിമല സ്വർണ്ണ മോഷണവുമായി ബന്ധപ്പെട്ട് സെക്രട്ടറിയേറ്റിലെ മുൻ അഡീഷണൽ സെക്രട്ടറിയും സി.പി.എമ്മിന്റെ സർവീസ് സംഘടന നേതാവുമായിരുന്ന വിജയകുമാർ ഉടൻ അറസ്റ്റിലാകുമെന്ന് സൂചന. 2019-ൽ ശബരിമല ദേവസ്വം ബോർഡ് അംഗമായിരുന്നു വിജയകുമാർ.
മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാറിന്റെ അറസ്റ്റിന് പിന്നാലെയാണ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം (എസ്.ഐ.ടി.) വിജയകുമാറിനെയും മറ്റൊരു ബോർഡ് അംഗമായിരുന്ന ശങ്കര ദാസിനെയും അറസ്റ്റ് ചെയ്യാൻ ഒരുങ്ങുന്നത്. ഈ രണ്ടുപേരുടെയും അറസ്റ്റിന് ശേഷമാകും അന്നത്തെ ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്യുക എന്നാണ് ലഭിക്കുന്ന വിവരം.
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ കടകംപള്ളിയുടെ ചോദ്യം ചെയ്യലും അറസ്റ്റും ഉണ്ടാകുന്നത് തിരഞ്ഞെടുപ്പിൽ സി.പി.എമ്മിന് കനത്ത തിരിച്ചടിയാകുമെന്ന് മുഖ്യമന്ത്രിക്ക് ആശങ്കയുണ്ട്. അതുകൊണ്ട് തന്നെ കടകംപള്ളിയെ ചോദ്യം ചെയ്യുന്ന നടപടി വൈകിപ്പിക്കാനുള്ള ശ്രമങ്ങൾ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ആരംഭിച്ചു.എങ്കിലും, കടകംപള്ളി സുരേന്ദ്രനെതിരെ ലഭ്യമായ എല്ലാ തെളിവുകളും ശേഖരിച്ച്, പഴുതടച്ച അന്വേഷണത്തിനൊരുങ്ങുകയാണ് എസ്.ഐ.ടി.
![]()
