തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രന് സീറ്റ് നിഷേധിച്ചതിനെ തുടർന്ന് സംസ്ഥാന രാഷ്ട്രീയത്തിൽ ഉയർന്ന ചർച്ചകൾക്ക് വിരാമമിട്ട് അണിയറയിൽ പുതിയ നീക്കങ്ങൾ സജീവമാകുന്നു. ആര്യ രാജേന്ദ്രനെ കേരള പബ്ലിക് സർവീസ് കമ്മീഷൻ (പി.എസ്.സി.) അംഗമായി നിയമിക്കാൻ നീക്കം നടക്കുന്നതായാണ് റിപ്പോർട്ടുകൾ.
’പത്താം ക്ലാസിൽ പഠിക്കുന്ന കുട്ടിയെ ആരെങ്കിലും എട്ടാം ക്ലാസിൽ ഇരുത്തുമോ’ എന്ന മന്ത്രി വി. ശിവൻകുട്ടിയുടെ പ്രസ്താവനയോടെയാണ് ആര്യക്ക് ഉയർന്ന സ്ഥാനം നൽകുമെന്ന സൂചനകൾ ശക്തമായത്. നിലവിൽ പി.എസ്.സി.യിൽ ഒരു അംഗത്തിന്റെ ഒഴിവുണ്ട്. ഈ ഒഴിവിലേക്കാണ് ആര്യയുടെ പേര് സജീവമായി പരിഗണിക്കുന്നത്.
💰 പ്രതിമാസം 4.06 ലക്ഷം ശമ്പളം; പെൻഷൻ 2 ലക്ഷം!
പി.എസ്.സി. അംഗത്തിന് പ്രതിമാസം 4.06 ലക്ഷം രൂപയാണ് ശമ്പളം. കേന്ദ്ര നിരക്കിലുള്ള ഡി.എ. ലഭിക്കുന്നതിനാൽ വർഷത്തിൽ രണ്ടു തവണ ശമ്പളം വർധിക്കും. ചികിത്സാ സഹായം ഉൾപ്പെടെ നിരവധി ആനുകൂല്യങ്ങളും സ്ഥാനത്തിനുണ്ട്.
പെൻഷൻ തുക 2 ലക്ഷം രൂപയായി ഉയർത്താനുള്ള ഫയൽ ധനവകുപ്പിന്റെ സജീവ പരിഗണനയിലാണ്. ശമ്പളം ഉയർത്തിയതിന് പിന്നാലെയാണ് പെൻഷൻ ഉയർത്താനുള്ള ഫയലും സെക്രട്ടേറിയറ്റിലെത്തിയത്. ഈ പെൻഷൻ വർദ്ധന നടപ്പിലായാൽ, ആര്യ രാജേന്ദ്രന് വൻ സാമ്പത്തിക നേട്ടമാകും.
💼 32-ാം വയസ്സിൽ 2 ലക്ഷം പെൻഷൻ
പി.എസ്.സി. അംഗത്തിന്റെ കാലാവധി 6 വർഷമാണ്. നിലവിൽ 26 വയസ്സുള്ള ആര്യക്ക് നിയമനം ലഭിച്ചാൽ 32-ാം വയസ്സിൽ വിരമിക്കേണ്ടിവരും. വിരമിക്കുന്നതിന്റെ പിറ്റേ ദിവസം മുതൽ പ്രതിമാസം 2 ലക്ഷം രൂപ പെൻഷൻ ലഭിച്ചുതുടങ്ങും.
ഒക്ടോബറിൽ സെക്രട്ടേറിയറ്റിൽ നിന്ന് വിരമിച്ച സി.പി.എം. സർവീസ് സംഘടന നേതാവിന്റെ പേരും പി.എസ്.സി. അംഗമാക്കാനുള്ള ലിസ്റ്റിൽ പരിഗണനയിലുണ്ടെങ്കിലും, ആര്യ രാജേന്ദ്രന്റെ പേരിനാണ് മുൻതൂക്കം നൽകുന്നതെന്നാണ് സൂചന.
![]()
