തിരുവനന്തപുരം: മുട്ടട വാർഡിലെ യുഡിഎഫ് സ്ഥാനാർത്ഥി വൈഷ്ണ സുരേഷിൻ്റെ വോട്ട് കള്ളത്തരത്തിലൂടെ വെട്ടിമാറ്റിയ സംഭവത്തിൽ മേയർ ആര്യാ രാജേന്ദ്രനെതിരെ ഗുരുതരമായ ആരോപണങ്ങൾ. ആര്യയുടെ അടുത്ത സുഹൃത്തും മുട്ടട വാർഡിലെ സിപിഎം സ്ഥാനാർത്ഥിയുമായ അംശു വാമദേവന് വേണ്ടി, സിപിഎം ജില്ലാ സെക്രട്ടറി വി. ജോയിയുടെ നേതൃത്വത്തിൽ മേയറും കോർപ്പറേഷൻ ഇലക്ട്രൽ രജിസ്ട്രേഷൻ ഓഫീസറും ചേർന്ന് നടത്തിയ ഓപ്പറേഷനാണ് വോട്ട് വെട്ടലിന് പിന്നിലെന്നാണ് ആരോപണം.
സിപിഎമ്മിന്റെ ഈ നീക്കം കോൺഗ്രസും വൈഷ്ണ സുരേഷും ചേർന്ന് ഹൈക്കോടതിയിൽ നിയമപരമായി ചോദ്യം ചെയ്തതോടെ പൊളിഞ്ഞു. വൈഷ്ണയുടെ വോട്ട് പുനഃസ്ഥാപിച്ചുകൊണ്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയ ഉത്തരവിൽ ഉദ്യോഗസ്ഥ തലത്തിലെ ഗുരുതര വീഴ്ചകൾ എടുത്തുപറയുന്നുണ്ട്.
സിപിഎം പ്രാദേശിക നേതാവിൻ്റെ പരാതിയുടെ അടിസ്ഥാനത്തിൽ കോർപ്പറേഷൻ ഇലക്ട്രൽ രജിസ്ട്രേഷൻ ഓഫീസർ തീർത്തും ഏകപക്ഷീയമായി തീരുമാനം എടുത്തെന്ന് ഉത്തരവിൽ പറയുന്നു. വൈഷ്ണയുടെ പേര് വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്തതിന് ഒരു ന്യായീകരണവുമില്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ കണ്ടെത്തൽ.
![]()
