കൊച്ചി: തിരുവനന്തപുരം കോർപ്പറേഷനിലെ മുട്ടട വാർഡിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായ വൈഷ്ണ സുരേഷിനെ വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കിയ വിഷയത്തിൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് (SEC) വീണ്ടും ഹിയറിങ് നടത്താൻ ഹൈക്കോടതി നിർദേശം നൽകി. കേവലം സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി മത്സരിക്കാനുള്ള അവകാശം നിഷേധിക്കരുത് എന്ന് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ഉത്തരവിട്ടു.
വൈഷ്ണയുടെ പേര് പ്രാഥമിക, അന്തിമ വോട്ടർപട്ടികകളിൽ ഉണ്ടായിരുന്നിട്ടും, ഒരു സിപിഎം ബ്രാഞ്ച് സെക്രട്ടറി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നീക്കം ചെയ്തത്. എന്നാൽ, പരാതിക്കൊപ്പം രേഖകളൊന്നും സമർപ്പിച്ചിരുന്നില്ല. തൻ്റെ വോട്ടർ ഐ.ഡി, പാസ്‌പോർട്ട്, ആധാർ, ഡ്രൈവിങ് ലൈസൻസ് എന്നിവയിലെല്ലാം ഒരേ വിലാസമാണെന്ന് വൈഷ്ണ കോടതിയെ അറിയിച്ചു.
പേര് നീക്കം ചെയ്തതിൻ്റെ രേഖാമൂലമുള്ള അടിസ്ഥാനമെന്താണെന്ന് കോടതി ചോദിച്ചു. “24 വയസ്സുള്ള ഒരു പെൺകുട്ടി മത്സരിക്കുമ്പോൾ ഇത്തരത്തിലുള്ള രാഷ്ട്രീയമൊക്കെ വേണോ?” എന്നും കോടതി വാക്കാൽ നിരീക്ഷിച്ചു.
നവംബർ 19-ന് മുൻപ് ഹിയറിങ് പൂർത്തിയാക്കി തീരുമാനമെടുക്കണമെന്നും, വൈഷ്ണയ്‌ക്കെതിരെ പരാതി നൽകിയയാളെയും ഹിയറിങ്ങിൽ പങ്കെടുപ്പിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ 21 ആണ്.
![]()
