തിരുവനന്തപുരം: കേരളം തെരുവ് നായ ശല്യത്തിൽ വിറങ്ങലിച്ച് നിൽക്കുകയാണ്. തദ്ദേശ തെരഞ്ഞെടുപ്പിലെ പ്രധാന ചർച്ചാ വിഷയമായി മാറിക്കൊണ്ടിരിക്കുകയാണ് തെരുവ് നായ ശല്യം. ഓരോ ദിവസവും തെരുവ് നായകൾ ജനങ്ങളെ ഓടിച്ചിട്ട് കടിക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് കേരളീയർ മാധ്യമങ്ങളിലൂടെ കണ്ടുണരുന്നത്.
സംസ്ഥാനത്തെ തെരുവ് നായ ആക്രമണത്തിന്റെ ഭീകരമായ ചിത്രം വ്യക്തമാക്കുന്ന കണക്കുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. 2024-ൽ മാത്രം 3,16,793 പേർക്കാണ് തെരുവ് നായകളുടെ കടിയേറ്റത്! കെ.കെ. രമ എം.എൽ.എയുടെ നിയമസഭാ ചോദ്യത്തിന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് 2025 ജനുവരി 23-ന് നൽകിയ മറുപടിയിലാണ് ഈ കണക്കുകൾ വെളിപ്പെടുത്തിയത്. അതായത്, കണക്കനുസരിച്ച് കേരളത്തിൽ ഒരു ദിവസം ശരാശരി 868 പേരെയാണ് പട്ടികൾ ഓടിച്ചിട്ട് കടിക്കുന്നത്.
നിലവിൽ, കുട്ടികൾ മുതൽ മുതിർന്നവർ വരെ തെരുവ് നായകളെ പേടിച്ചാണ് നടക്കുന്നത്. പുറത്തിറങ്ങിയാൽ കടി ഉറപ്പാണ് എന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. പലരും പ്രഭാത സവാരിക്ക് പോലും വലിയ വടിയുമായിട്ടാണ് സഞ്ചരിക്കുന്നത്.
തെരുവ് നായ ആക്രമണ വിഷയത്തിൽ പ്രതിപക്ഷം നിരവധി തവണ നിയമസഭയിൽ അടിയന്തിര പ്രമേയം കൊണ്ടുവന്നെങ്കിലും സർക്കാർ ഫലപ്രദമായ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന ആരോപണം ശക്തമാണ്. ജനങ്ങളെ വിധിക്ക് വിട്ടുകൊടുത്തിരിക്കുകയാണ് സർക്കാർ എന്നും ആക്ഷേപമുണ്ട്. ഇതിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം ശക്തമായിക്കൊണ്ടിരിക്കുകയാണ്.
![]()
