കോഴിക്കോട്: പി.എം. ശ്രീ പദ്ധതിയിൽ സി.പി.ഐയെ വരച്ച വരയിൽ നിർത്താമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പദ്ധതി തകർന്നത് സ്വന്തം പാർട്ടിയിലെ പ്രബല വിഭാഗം. പിണറായിയുടെ അപ്രമാദിത്വത്തിൽ ആയിരുന്ന സി.പി.എമ്മിൽ നിന്ന് അങ്ങനെയൊരു നീക്കം അദ്ദേഹം പ്രതീക്ഷിച്ചിരുന്നില്ല. സംസ്ഥാന പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദനെ ചേർത്ത് നിർത്തിയാണ് പിണറായി പി.എം. ശ്രീയിൽ ഒപ്പിട്ടതെങ്കിലും, ഈ നീക്കത്തെ പിന്തുണയ്ക്കാൻ പാർട്ടിയിലെ പ്രബല വിഭാഗം തയ്യാറായില്ല.
മുഖ്യമന്ത്രിയുടെ മരുമകൻ പി.എ. മുഹമ്മദ് റിയാസ്, വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദൻ എന്നീ ‘മൂവർ സംഘത്തോട്’ മാത്രമാണ് പി.എം. ശ്രീ പദ്ധതിയിലെ രഹസ്യ ഒപ്പിടൽ മുഖ്യമന്ത്രി ചർച്ച ചെയ്തത്. പിണറായിയുടെ വിശ്വസ്തനായ എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ പോലും ഇക്കാര്യം അറിഞ്ഞില്ല. റിയാസും ശിവൻകുട്ടിയും ഒഴികെയുള്ള മറ്റ് മന്ത്രിമാർ പോലും ഇരുട്ടിലായിരുന്നു.
സി.പി.ഐ. ഉയർത്തിയ പി.എം. ശ്രീ പ്രതിഷേധത്തിന് കരുത്ത് പകരാൻ സി.പി.എമ്മിലെ പ്രബല വിഭാഗത്തെ പ്രേരിപ്പിച്ചത് പിണറായിയുടെ ഈ രഹസ്യ ഓപ്പറേഷനാണ്. പാർട്ടി ജനറൽ സെക്രട്ടറി എം.എ. ബേബി ഈ ചേരിക്ക് പിന്തുണ കൊടുത്തതോടെയാണ് പിണറായിക്ക് പി.എം. ശ്രീ പദ്ധതിയിൽ നിന്ന് പിന്മാറേണ്ടി വന്നത്. മന്ത്രിമാരായ പി. രാജീവ്, കെ.എൻ. ബാലഗോപാൽ, എം.ബി. രാജേഷ് എന്നീ ‘ത്രിമൂർത്തികൾ’ ബേബിക്കൊപ്പം ഉറച്ചുനിന്നതോടെ പിണറായി സമ്പൂർണ്ണമായി കീഴടങ്ങി.
തന്റെ പിൻഗാമിയായി മരുമകൻ പി.എ. മുഹമ്മദ് റിയാസിനെ വളർത്തിക്കൊണ്ടുവരുന്ന പിണറായിക്കുള്ള താക്കീത് കൂടിയായി പി.എം. ശ്രീയിൽ സി.പി.എമ്മിന്റെ ഒരു വിഭാഗം നടത്തിയ പ്രതിഷേധം. പി.എം. ശ്രീയിൽ ജയിച്ചത് സി.പി.ഐ. ആണെങ്കിലും, ചതിച്ചത് സി.പി.എമ്മിലെ ഒരു വിഭാഗം ആണെന്ന് പിണറായിക്ക് വ്യക്തമായി. ഇതോടെ മരുമകൻ റിയാസിന്റെ ഭാവി ശോഭനമല്ലെന്ന് വ്യക്തം. പാർട്ടിയിലെ എതിർവിഭാഗത്തെ പിണറായി എങ്ങനെ കൈകാര്യം ചെയ്യുമെന്ന് കാത്തിരുന്ന് കാണേണ്ടി വരും.
![]()
