തിരുവനന്തപുരം, ഒക്ടോബർ 25, 2025 — 2006-ൽ വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയും പിണറായി വിജയൻ സി.പി.എം. സെക്രട്ടറിയുമായിരുന്ന കാലത്തെ വിഭാഗീയതയുടെ പശ്ചാത്തലത്തിൽ, ഇരുവരുടെയും രാഷ്ട്രീയ വൈരത്തിന്റെ ഉൽപ്പന്നമായി കണക്കാക്കപ്പെട്ട 2008-ലെ ‘രൗദ്രം’ എന്ന മമ്മൂട്ടി ചിത്രം വീണ്ടും ചർച്ചാ വിഷയമാകുന്നു. രൺജി പണിക്കരുടെ സംവിധാനത്തിൽ പിറന്ന ഈ സിനിമയിലെ ഒരു ഡയലോഗ് ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരായ വിമർശനങ്ങൾക്ക് മൂർച്ച കൂട്ടുകയാണ്.
അധികാരം മാറി, ഡയലോഗിന്റെ പ്രസക്തി വർദ്ധിച്ചു
’രൗദ്രം’ സിനിമയിൽ, മുഖ്യമന്ത്രിയുടെ മകന് വില്ലൻ വേഷമാണുള്ളത്. മകനെ രക്ഷിക്കാൻ മുഖ്യമന്ത്രി കേസന്വേഷണ ചുമതലയിൽ നിന്ന് മമ്മൂട്ടിയുടെ കഥാപാത്രത്തെ മാറ്റാൻ ശ്രമിക്കുന്നു. ഈ സന്ദർഭത്തിലാണ് മമ്മൂട്ടിയുടെ പ്രസിദ്ധമായ ആ ഡയലോഗും, അതിനു മുന്നിൽ തലകുനിച്ചു നിൽക്കുന്ന മുഖ്യമന്ത്രിയുടെ കഥാപാത്രത്തെയും കാണിക്കുന്നത്.
ആ ഡയലോഗിന്റെ അന്ത്യഭാഗം ഇങ്ങനെ:
”അധികാരവും പദവിയും സ്ഥാനങ്ങളും ഒഴിഞ്ഞ് മഹാവര്യൻമാർ അന്ത്യ വിശ്രമം കൊള്ളുന്ന വലിയ ചുടുകാട്ടിലെ ചൊരിമണലിൽ ഒരു ചിത കത്തി അമർന്ന് കഴിയുമ്പോൾ, അവസാനത്തെ ഇങ്ക്വിലാബും മുഴങ്ങി കഴിയുമ്പോൾ ഒടുവിൽ സ്മാരകശിലയിൽ കൊത്തി വയ്ക്കാൻ ഒരു ഒറ്റ വിശേഷണമേ ബാക്കിയുണ്ടാകുകയുള്ളു ജനങ്ങളുടെ മനസിൽ, സഖാക്കൻമാരുടെ മനസിൽ, അങ്ങയുടെ പ്രസ്ഥാനത്തിൻ്റെ മനസിൽ, എ ലെഫ്റ്റിസ്റ്റ് ബട്ട് അരഗൻ്റ് , എ കോമ്രേഡ് ഹൂ ബിട്രേയഡ് ഒറ്റവാക്കിൽ സർ ‘ഒറ്റുകാരൻ’.”
കേന്ദ്രത്തിന് മുന്നിൽ പിണറായിയുടെ തലകുനിച്ചു
2016 മുതൽ കേരളം ഭരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ കമ്യൂണിസ്റ്റ് മൂല്യങ്ങളെയും ആദർശങ്ങളെയും പൂർണ്ണമായി വിഴുങ്ങി ഭരിക്കുന്നു എന്ന ആരോപണത്തെ ഈ ഡയലോഗ് അടിവരയിടുന്നു. നിലവിൽ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെതിരെ കേന്ദ്ര ഏജൻസികളുടെ അന്വേഷണവും മകനെതിരെ കേന്ദ്ര ഏജൻസിയുടെ സമൻസും നിലനിൽക്കുന്ന സാഹചര്യത്തിൽ, പിണറായി വിജയൻ കമ്യൂണിസ്റ്റ് കുപ്പായം അഴിച്ചുവെച്ച് തനി ‘അച്ഛനാ’യി മാറിയെന്നാണ് വിമർശനം.
മകനെയും മകളെയും രക്ഷിക്കാൻ മുഖ്യമന്ത്രി ബി.ജെ.പി.യുടെ കാലിൽ വീണതിന്റെ ഫലമാണ് ഇപ്പോഴത്തെ സംഭവവികാസങ്ങൾ എന്ന് ആരോപിക്കപ്പെടുന്നു. മകനെതിരായ സമൻസിൽ തുടർ നടപടി ഉണ്ടാവാത്തതും, വീണ വിജയന്റെ മാസപ്പടി കേസിൽ കേന്ദ്ര ഏജൻസികൾ മെല്ലെപ്പോക്ക് തുടരുന്നതും ‘പിണറായിയുടെ കാലിൽ പിടുത്തം ഫലം കണ്ടു’ എന്നതിന് തെളിവായി രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.
തുടക്കം മുതൽ ശക്തമായി എതിർത്ത കേന്ദ്രത്തിന്റെ പി.എം-ശ്രീ പദ്ധതിയിൽ ഒടുവിൽ ഒപ്പിട്ടുകൊണ്ട് പിണറായി വിജയൻ പൂർണ്ണമായി ബി.ജെ.പിക്ക് കീഴടങ്ങിയെന്നതാണ് ഇതിലെ ഏറ്റവും പുതിയ സംഭവം. പി.എം-ശ്രീയെ എതിർത്ത് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും തല ഉയർത്തി നിൽക്കുമ്പോൾ, പിണറായി വിജയന്റെ തല കുനിഞ്ഞത് ‘രൗദ്രം’ സിനിമയിൽ മുഖ്യമന്ത്രി ജനാർദ്ദനന്റെ തല താഴ്ന്നതുപോലെയായി.
കമ്യൂണിസ്റ്റ് പാർട്ടിയുടെ തത്വങ്ങളെയും നിലപാടുകളെയും മക്കൾക്ക് വേണ്ടി ഒറ്റുകൊടുത്ത മുഖ്യമന്ത്രിയെ ചരിത്രം “ഒറ്റുകാരൻ” എന്ന പേരിലാകും രേഖപ്പെടുത്തുക
![]()
