തിരുവനന്തപുരം: ഒരിക്കല് സമയ ദോഷം കൊണ്ട് ഒ.ജെ ജനീഷിൽ നിന്ന് അകന്ന് നിന്ന അധ്യക്ഷ പദവി ഇന്ന് അതേ സമയഗുണം കൊണ്ട് തന്നെ ജനീഷിൽ എത്തി ചേർന്നിരിക്കുന്നു. ജനീഷിന്റെ രാഷ്ട്രീയ ജീവിതം ഓർക്കുമ്പോൾ ആദ്യം മനസ്സിലേക്ക് ഓടി വരുന്നത് തൃശ്ശൂർ ലോ കോളേജിലെ ക്ലാസ് മുറിയിൽവെച്ച് എസ്.എഫ്.ഐക്കാർ തല അടിച്ച് പൊട്ടിച്ചതിനെ തുടർന്ന് ചോര ഒലിപ്പിച്ച് പുറത്തേക്ക് വരുന്ന ചിത്രമാണ്. തൃശ്ശൂർ ലോക്കോളേജ് യൂണിറ്റ് പ്രസിഡന്റ് മുതൽ ആരംഭിച്ച കെ.എസ്.യുക്കാലം. തൃശ്ശൂർ ജില്ലയിലെ കോൺഗ്രസ് രാഷ്ട്രീയത്തിൽ ജനീഷ് എന്നും ഐ പക്ഷത്തായിരുന്നെങ്കിലും ഗ്രൂപ്പ് രാഷ്ട്രീയത്തിൽ നിലപാടുകൾ കൊണ്ട് തന്നെ കലഹിച്ചും നയം വ്യക്തമാക്കിയുമാണ് ജനീഷ് മുന്നോട്ട് നീങ്ങിയത്.

അർഹതപ്പെട്ട കെ.എസ്.യു ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്നും ഒഴിവാക്കപ്പെട്ടപ്പോഴായിരുന്നു 2011 ൽ ഗ്രൂപ്പ് നേതൃത്വത്തെ വെല്ലുവിളിച്ചുള്ള ആദ്യ മത്സരം. കെ.എസ്.യു സംഘടനാ തിരഞ്ഞെടുപ്പിൽ കെ.എസ്.യു ജില്ലാ പ്രസിഡന്റായി മത്സരിച്ച് കേവലം പത്ത് വോട്ടുകൾക്ക് പരാജയപ്പെട്ടാണ് ജില്ലാ വൈസ് പ്രസിഡന്റ് പദവിയിൽ തിരഞ്ഞെടുക്കപ്പെട്ടത്. അന്ന് ജില്ലാ പ്രസിഡന്റായത് ഐ വിഭാഗത്തിലെ തന്നെ ശോഭാ സുബിനാണ്. പിന്നീട് നടന്ന ജില്ലാ പുനസംഘടനയിൽ ജില്ലാ പ്രസിഡന്റ് പദവി അലങ്കരിച്ചെങ്കിലും ഒരു ദിവസത്തിനപ്പുറം ആ കമ്മിറ്റി പിരിച്ച് വിടപ്പെട്ടു.
തൃശ്ശൂർ ജില്ലയിലെ മാറി മറിഞ്ഞ ഗ്രൂപ്പ് രാഷ്ട്രീയത്തിൽ 2020 ൽ ജനിഷ് ഐ വിഭാഗത്തിൽ നിന്നും മത്സരിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ഷാഫി പറമ്പിൽ സംസ്ഥാന പ്രസിഡന്റായ ആ കമിറ്റിയിലെ സൗമ്യനായ ജില്ലാ പ്രസിഡന്റ് മുഖമായിരുന്നു ജനീഷിന്റേത്.
ഗ്രൂപ്പ് രാഷ്ട്രീയത്തിനപ്പുറം സംഘാടകൻ എന്ന മികവിന്റെ പിൻബലത്തിലാണ് ഷാഫി പറമ്പിൽ സംസ്ഥാന പ്രസിഡന്റായിരിക്കുമ്പോൾ സംസ്ഥാന സമ്മേളനം നടത്താൻ തൃശ്ശൂർ ജില്ലയെ തിരഞ്ഞെടുത്തതും.
തന്റെ ഗ്രൂപ്പ് രാഷ്ട്രീയത്തിനൊപ്പം നിൽക്കുന്ന ജില്ലാ കമ്മിറ്റികളെ അവഗണിച്ച് ജനീഷിൽ വിശ്വാസം അർപ്പിച്ച ഷാഫിയുടെ തീരുമാനം നൂറുശതമാനം ശരിയാണെന്ന് തെളിയിക്കുന്ന തരത്തിൽ സംഘാടന മികവു കൊണ്ട് വൻ വിജയമായിരുന്നു യൂത്ത് കോൺഗ്രസിന്റെ തൃശ്ശൂർ സംസ്ഥാന സമ്മേളനം.

ഷാഫി പറമ്പിൽ സംസ്ഥാന പ്രസിഡന്റ് പദവി ഒഴിഞ്ഞ ശേഷം നടന്ന യൂത്ത് കോൺഗ്രസ് പുനഃസംഘടനയിൽ സംസ്ഥാന പ്രസിഡന്റ് പദവിയിലേക്ക് മത്സരിക്കാൻ ജനീഷ് ഗ്രൂപ്പ് നേതൃത്വത്തെ സമീപിച്ചെങ്കിലും നേതൃത്വത്തിന്റെ ഭാഗത്ത് നിന്നും അനുകൂലമായ സമീപനമല്ല ഉണ്ടായത്. ഐ വിഭാഗത്തിന്റെ നേതൃത്വം അന്ന് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് മത്സരിക്കാൻ തിരഞ്ഞെടുത്തത്ത് അബിൻ വർക്കി കോടിയാട്ടിനെ ആണ്. അന്ന് അതിന് ന്യായീകരണമായി പറഞ്ഞത് എ വിഭാഗത്തിൽ നിന്ന് മത്സരിക്കുന്ന രാഹുൽ മാങ്കൂട്ടത്തിന് ബദലായി ചാനൽ ചർച്ചകളിൽ പങ്കെടുത്ത് നിൽക്കുന്ന മറ്റൊരു മുഖം ഐ വിഭാഗത്തിന് വേണം എന്നതായിരുന്നു.
സോഷ്യൽ മീഡിയ ഫെയിം എന്ന മാനദണ്ഡത്തിന് പ്രാധാന്യം നൽകപ്പെട്ടപ്പോൾ ജനീഷ് തഴയപ്പെട്ടു. സംഘടനാ പ്രവർത്തന രംഗത്ത് ജനീഷിനേക്കാൾ വളരെയധികം ജൂനിയറായ അബിന് നറുക്ക് വീണ്ടു. 2011 ൽ ജനീഷ് കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റാവുമ്പോൾ അബിൻ കെ.എസ്.യു രംഗത്തില്ല. 2015 ൽ ആണ് അബിൻ കെ.എസ്.യു പിറവം ബ്ലോക്ക് പ്രസിഡന്റായി സംഘടനാ രംഗത്തേക്ക് കടന്ന് വരുന്നത്. 2020 ൽ ജനീഷ് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റായിരിക്കുമ്പോൾ എൻ.എസ്.യു ദേശീയ സമിതി അംഗമാണ് അബിൻ. പിന്നീട് എൻ.എസ്.യു ദേശീയ സെക്രട്ടറിയായി ഒരു ടേം പൂർത്തിയാക്കിയ അബിൻ വർക്കിയെയും രാഹുൽ മാങ്കൂട്ടത്തിലിനെയും ഷാഫി പറമ്പിലിന്റെ യൂത്ത് കോൺഗ്രസ് കമ്മിറ്റിയിലേക്ക് സംസ്ഥാന ജനറൽ സെക്രട്ടറിയായി നേരിട്ട് നിയമിക്കുകയായിരുന്നു.

ഐ ഗ്രൂപ്പ് നേതൃത്വം അവസരം നിഷേധിച്ചെങ്കിലും ജനീഷ് സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് മത്സരിച്ച് വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ഇന്ന് രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന നേതൃത്വം രാജിവച്ചപ്പോൾ ആ പദവിയിലേക്ക് ജനീഷ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു.
ജനീഷിനെ പ്രസിഡന്റ് പദവി ലേക്ക് നയിച്ച് പ്രധാനമായും സാഹചര്യമാണന്ന് തന്നെ പറയാം. പാർട്ടി ഇലക്ഷൻ മുഖത്തേക്ക് നീങ്ങുമ്പോൾ സൗമ്യവും സമരോത്സുകവുമായ ഒരു ഈഴവ ചെറുപ്പക്കാരൻ യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനത്തിരിക്കുന്നത് പാർട്ടിക്ക് മുതൽ കൂട്ടാണ്. കോൺഗ്രസ് രാഷ്ട്രീയത്തിൽ റീലും റിയലും പരസ്പരം ചർച്ചയാവുമ്പോൾ താഴെ തട്ടിൽ നിന്നും സംഘടനാ പ്രവർത്തന മികവു കൊണ്ട് വളർന്ന് വന്ന ഒരാളെ നേതൃത്വം തിരഞ്ഞെടുത്തിരിക്കുന്നു..
നിലവിലുള്ള കമ്മിറ്റിയിൽ രാഹുൽ മാങ്കൂട്ടത്തിലിനപ്പുറം മറ്റൊരു പേരും മുന്നോട്ട് വയ്ക്കാനില്ലായിരുന്ന എ ഗ്രൂപ്പ് നേതൃത്വത്തിനും ജനീഷ് എന്ന സംഘാടകൻ സ്വീകാര്യമായി. ഗ്രൂപ്പ് രാഷ്ട്രീയത്തിനപ്പുറം പാർട്ടി തന്നെയാണ് മുന്നിൽ എന്ന സന്ദേശം നൽകാനും ഒ.ജെ ജനീഷിന്റെ നിയമ നത്തിലൂടെ നേതൃത്വം ശ്രമിച്ചു.
![]()
