തിരുവനന്തപുരം: പ്രവാസി മലയാളികൾക്കായി കെഎസ്എഫ്ഇ നടപ്പിലാക്കി വന്ന പ്രവാസി ചിട്ടി പദ്ധതിയിൽ നിർണ്ണായക ഭരണപരമായ മാറ്റം വരുത്തി കേരള സർക്കാർ ഉത്തരവിറക്കി. പ്രവാസി ചിട്ടി വഴി സമാഹരിക്കുന്ന തുക കിഫ്ബി (KIIFB) ബോണ്ടുകളിൽ നിക്ഷേപിക്കുന്ന നിലവിലെ രീതി പൂർണ്ണമായും അവസാനിപ്പിച്ചു. പകരം, 1982-ലെ കേന്ദ്ര ചിറ്റ് ഫണ്ട് ആക്ട്, കേരള ചിറ്റ് ഫണ്ട് റൂൾസ് എന്നിവയ്ക്ക് വിധേയമായി കെഎസ്എഫ്ഇയുടെ സാധാരണ ചിട്ടി ബിസിനസിന്റെ ഭാഗമായി ‘പുതിയ പ്രവാസി ചിട്ടി’ (New Pravasi Chitty) നടത്താൻ നികുതി വകുപ്പ് അനുമതി നൽകി.
ഇതുസംബന്ധിച്ച് നികുതി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ പുറപ്പെടുവിച്ച ഉത്തരവിലാണ് (G.O.(Ms)No.38/2026/TAXES) പുതിയ മാറ്റങ്ങൾ വ്യക്തമാക്കുന്നത്.
മാറ്റത്തിന് കാരണം:
2018-ലാണ് കിഫ്ബിയുമായി സഹകരിച്ച് പ്രവാസി ചിട്ടി നടത്തുവാൻ കെഎസ്എഫ്ഇക്ക് സർക്കാർ അനുമതി നൽകിയത്. ഇതനുസരിച്ച് ചിട്ടി തുക മുഴുവൻ കിഫ്ബി ബോണ്ടുകളിലാണ് നിക്ഷേപിച്ചിരുന്നത്. എന്നാൽ, സർക്കാരിന്റെ ഗ്യാരന്റി ശേഷി പരമാവധി വിനിയോഗിക്കപ്പെട്ടതോടെ കിഫ്ബി ബോണ്ടുകളിൽ പുതിയ നിക്ഷേപങ്ങൾ നടത്താൻ കെഎസ്എഫ്ഇക്ക് സാങ്കേതിക തടസ്സം നേരിട്ടു.
ഇത് പുതിയ പ്രവാസി ചിട്ടികളുടെ രജിസ്ട്രേഷനെയും, ചിട്ടി സെക്യൂരിറ്റി ബോണ്ടുകൾ ഉണ്ടാക്കുന്നതിനെയും ബാധിക്കുന്ന സാഹചര്യമുണ്ടായി. തുടർന്നാണ് പ്രവാസി ചിട്ടിയിലെ തടസ്സമില്ലാത്ത പ്രവർത്തനം ഉറപ്പാക്കാൻ കെഎസ്എഫ്ഇ മാനേജിംഗ് ഡയറക്ടർ സർക്കാരിനോട് തടസ്സങ്ങൾ ചൂണ്ടിക്കാട്ടി കത്ത് നൽകിയത്.
കെഎസ്എഫ്ഇയുടെ സാധാരണ ചിട്ടി ബിസിനസ്സ് പോലെ പുതിയ പ്രവാസി ചിട്ടി പ്രവർത്തിക്കും. പദ്ധതി സുഗമമായി നടപ്പിലാക്കുന്നതിനായി സോഫ്റ്റ്വെയർ മാറ്റങ്ങൾ ഉൾപ്പെടെയുള്ള സാങ്കേതിക നടപടികൾ അടിയന്തരമായി പൂർത്തിയാക്കാൻ കെഎസ്എഫ്ഇയോട് നിർദ്ദേശിക്കുകയായിരുന്നു.
