കാഠ്മണ്ഡു: നേപ്പാളിലെ നുവാകോട്ട് ജില്ലയിലുണ്ടായ പെട്ടെന്നുള്ള പ്രളയത്തിലും (Flash Flood) മണ്ണിടിച്ചിലിലും കനത്ത നാശനഷ്ടമുണ്ടായ ബിദൂർ ഉൾപ്പെടെയുള്ള പ്രദേശങ്ങൾ സന്ദർശിച്ച് പ്രധാനമന്ത്രി ബാലേന്ദ്ര ഷാ. ദുരന്ത ബാധിത മേഖലകളിലെ നാശനഷ്ടങ്ങളുടെ വ്യാപ്തി വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി നേരിട്ടെത്തുകയായിരുന്നു.
സന്ദർശനത്തിനിടെ പ്രാദേശിക ഭരണകൂട പ്രതിനിധികൾ, സുരക്ഷാ ഏജൻസികൾ, പ്രാദേശിക ജനപ്രതിനിധികൾ എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ പുരോഗതിയും രക്ഷാപ്രവർത്തനങ്ങളുടെ സജ്ജീകരണങ്ങളും പ്രധാനമന്ത്രി വിലയിരുത്തി.
വീടുകൾ നഷ്ടപ്പെടുകയും മാറ്റിപ്പാർപ്പിക്കപ്പെടുകയും ചെയ്ത കുടുംബങ്ങൾക്ക് അടിയന്തര സാമ്പത്തികവും അല്ലാത്തതുമായ സഹായങ്ങൾ എത്തിക്കാൻ ഉദ്യോഗസ്ഥർക്ക് പ്രധാനമന്ത്രി കർശന നിർദേശം നൽകി. പ്രളയത്തിൽ ഗതാഗതം തടസ്സപ്പെട്ട പ്രധാന റോഡുകൾ ഉടനടി തുറക്കാനും തകരാറിലായ അടിസ്ഥാന സൗകര്യങ്ങൾ എത്രയും വേഗം പുനഃസ്ഥാപിക്കാനും അദ്ദേഹം ഉത്തരവിട്ടു.
ദുരന്തബാധിത മേഖലകളിലെ സമഗ്രമായ പരിശോധനയ്ക്ക് ശേഷം അദ്ദേഹം തലസ്ഥാനമായ കാഠ്മണ്ഡുവിലേക്ക് മടങ്ങി. രക്ഷാപ്രവർത്തനം കൂടുതൽ ശക്തമാക്കാനും ദുരിതാശ്വാസ സാമഗ്രികളുടെ വിതരണം വേഗത്തിലാക്കാനും സര്ക്കാര് സംവിധാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
