സാവോപോളോ: ബ്രസീലിയൻ ക്ലബ്ബ് പൽമേരാസിനെതിരായ ഇന്നത്തെ മത്സരത്തിൽ സാന്റോസ് താരം നെയ്മർ ജൂനിയർ കളത്തിലിറങ്ങില്ല. മിറാസോളിനെതിരായ കഴിഞ്ഞ മത്സരത്തിൽ 90 മിനിറ്റും കളിച്ച് മികച്ച അസിസ്റ്റ് നൽകിയിട്ടും പൽമേരാസിന്റെ ഹോം ഗ്രൗണ്ടായ ‘നുബാങ്ക് പാർക്കിൽ’ (Nubank Parque) ഇറങ്ങേണ്ടതില്ലെന്നാണ് നെയ്മറുടെ തീരുമാനം.
സ്റ്റേഡിയത്തിലെ കൃത്രിമ പുൽമൈതാനം (Synthetic Turf) പരിക്കിനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന ഭയമാണ് നെയ്മറെ ഈ തീരുമാനത്തിലേക്ക് നയിച്ചത്.
പരിശീലകൻ കൂക്ക ഉൾപ്പെടുത്തിയിട്ടും നെയ്മറുടെ പിന്മാറ്റം
സാന്റോസ് പരിശീലകൻ കൂക്ക (Cuca) ടീം സ്ക്വാഡിൽ നെയ്മറെ ഉൾപ്പെടുത്തിയിരുന്നു. കളത്തിൽ ഇറക്കാൻ കോച്ചിംഗ് സ്റ്റാഫ് താരത്തെ ബോധ്യപ്പെടുത്താൻ ശ്രമിച്ചെങ്കിലും താരം കളിക്കാൻ വിസമ്മതിക്കുകയായിരുന്നു.
2025-ൽ ബ്രസീലിലേക്ക് മടങ്ങിയെത്തിയ ശേഷം ഇതുവരെ ഒരു തവണ മാത്രമാണ് നെയ്മർ കൃത്രിമ പുൽമൈതാനത്ത് കളിച്ചിട്ടുള്ളത്.
”നിങ്ങൾ ഇപ്പോൾ തന്നെ അതിനെക്കുറിച്ച് ചിന്തിക്കുകയാണോ? ശാന്തരാകൂ, ഞായറാഴ്ച മത്സരമുണ്ട്. ഞാൻ കൃത്രിമ പുൽമൈതാനത്ത് കളിക്കുമോ എന്ന് എനിക്ക് ഉറപ്പില്ല,” എന്ന് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് നേരത്തെ നെയ്മർ പ്രതികരിച്ചിരുന്നു.
കരിയറിലുടനീളം നിരന്തരം നേരിട്ട കണങ്കാൽ (Ankle) പരിക്കുകൾ കണക്കിലെടുത്ത് കരിയറിന്റെ ഈ ഘട്ടത്തിൽ റിസ്ക് എടുക്കേണ്ടതില്ലെന്ന നിലപാടിലാണ് ബ്രസീലിയൻ സുപ്പർതാരം.
