കൊച്ചി: മലയാള സിനിമയിൽ നിന്ന് തുടങ്ങി ഇന്ന് തെന്നിന്ത്യയൊട്ടാകെ തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന യുവനടിയാണ് മമിത ബൈജു. ‘പാവാട’യിൽ ഒരു ചെറിയ റോളിൽ അഭിനയം തുടങ്ങിയ മമിത ഇന്ന് ദക്ഷിണേന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും തിരക്കുള്ള നായികമാരിൽ ഒരാളായി മാറിക്കഴിഞ്ഞു.
‘ഓപ്പറേഷൻ ജാവ’, ‘ഖോ ഖോ’, ‘സൂപ്പർ ശരണ്യ’ തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനം ശ്രദ്ധ നേടിയെങ്കിലും ‘പ്രേമലു’ എന്ന സൂപ്പർഹിറ്റ് ചിത്രമാണ് മമിതയുടെ കരിയർ മാറ്റിമറിച്ചത്. ബോക്സ് ഓഫീസിൽ കോടികൾ വാരിയ ‘പ്രേമലു’ മമിതയെ പാക്കിസ്ഥാനിലും ഗൾഫ് രാജ്യങ്ങളിലും വരെ തരംഗമാക്കി.
തുടർന്ന് തമിഴ്, തെലുങ്ക് ഇൻഡസ്ട്രികളിൽ നിന്ന് വൻ ഓഫറുകളാണ് താരത്തെ തേടിയെത്തിയത്. വിജയ് ചിത്രമായ ‘ജനനായകൻ’, ധനുഷ് ചിത്രം ‘കര’, പ്രദീപ് രംഗനാഥന്റെ ‘ഡ്യൂഡ്’, സൂര്യയ്ക്കൊപ്പം അഭിനയിച്ച ‘വിശ്വനാഥ് ആൻഡ് സൺസ്’ തുടങ്ങിയ വമ്പൻ പ്രൊജക്ടുകളിലൂടെ തെന്നിന്ത്യൻ ബോക്സ് ഓഫീസിൽ ‘മിനിമം ഗ്യാരന്റി നായിക’ എന്ന പേര് മമിത സ്വന്തമാക്കി കഴിഞ്ഞു.
സ്വഭാവിക അഭിനയ ശൈലിയും സ്ക്രീൻ പ്രസൻസുമാണ് മമിതയുടെ പ്രധാന കരുത്ത്. ലേഡി സൂപ്പർസ്റ്റാർ നയൻതാരയ്ക്ക് ശേഷം തെന്നിന്ത്യയിൽ സ്വാധീനം ചെലുത്തുന്ന മറ്റൊരു മലയാളി നായികയായി മമിത മാറി.
