ന്യൂഡൽഹി:
സ്ലൊവേനിയയിലെ ഇന്ത്യൻ എംബസി വളപ്പിൽ ഖാലിസ്ഥാൻ വിഘടനവാദികൾ നടത്തിയ അക്രമ സംഭവങ്ങളെയും നശീകരണ പ്രവർത്തനങ്ങളെയും ശക്തമായി അപലപിച്ച് ഭാരത സർക്കാർ. കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.
നയതന്ത്ര കാര്യാലയങ്ങൾ സംരക്ഷിക്കപ്പെടേണ്ടത് വിയന്ന കൺവെൻഷൻ പ്രകാരമുള്ള അന്താരാഷ്ട്ര ഉത്തരവാദിത്തമാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിലൂടെ വ്യക്തമാക്കി. അംബാസഡർമാരുടെയും എംബസി പരിസരങ്ങളുടെയും സുരക്ഷ ഉറപ്പാക്കാൻ ആതിഥേയ രാജ്യങ്ങൾക്ക് നിയമപരമായ ബാധ്യതയുണ്ടെന്ന് ഇന്ത്യ ഓർമ്മിപ്പിച്ചു.
സംഭവത്തിൽ ന്യൂഡൽഹിയിലെയും സ്ലൊവേനിയൻ തലസ്ഥാനമായ ലുബ്ലിയാനയിലെയും നയതന്ത്ര പ്രതിനിധികൾ വഴി ഇന്ത്യ സ്ലൊവേനിയൻ അധികൃതരെ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. അക്രമത്തിന് പിന്നിൽ പ്രവർത്തിച്ച വിഘടനവാദികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടു.
ഇത്തരം വിഘടനവാദി സംഘങ്ങൾ നടത്തുന്ന വിദ്വേഷ പ്രചാരണങ്ങളും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതും അന്താരാഷ്ട്ര തലത്തിലുള്ള ക്രമസമാധാന പാലകർ ഗൗരവമായി കാണണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.
കഴിഞ്ഞ കുറച്ചു നാളുകളായി യുകെ, കാനഡ, ഓസ്ട്രേലിയ, യുഎസ് തുടങ്ങിയ രാജ്യങ്ങളിലെ ഇന്ത്യൻ എംബസികൾക്കും കോൺസുലേറ്റുകൾക്കും നേരെ ഖാലിസ്ഥാൻ അനുകൂലികൾ സമാനമായ ആക്രമണങ്ങളും വിദ്വേഷ പ്രചാരണങ്ങളും നടത്തിയിരുന്നു. ഇത്തരം സംഭവങ്ങളിൽ വിദേശ രാജ്യങ്ങൾ കർശന സുരക്ഷാ നടപടികൾ സ്വീകരിക്കണമെന്നാണ് കേന്ദ്ര സർക്കാരിന്റെ നിലപാട്.
