മയാമി : പിതാവ് ജോർജ്ജ് മെസിയുടെ വേർപാടിൽ വേദനിക്കുന്ന ടീം ക്യാപ്റ്റനും അടുത്ത സുഹൃത്തുമായ ലയണൽ മെസിക്ക് വൈകാരികമായ ആദരമർപ്പിച്ച് ഇന്റർ മയാമി താരം റോഡ്രിഗോ ഡി പോൾ. ലീഗ്‌സ് കപ്പിൽ മോണ്ടെറെയ്ക്കെതിരായ മത്സരത്തിൽ തകർപ്പൻ ഗോൾ നേടിയ ശേഷമാണ് അർജന്റീന മധ്യനിര താരം തന്റെ മയാമി ജേഴ്സിക്കുള്ളിൽ ധരിച്ചിരുന്ന മെസിയുടെ പ്രശസ്തമായ പത്താം നമ്പർ കുപ്പായം ഉയർത്തികാട്ടി.
പിതാവിന്റെ വിയോഗത്തെത്തുടർന്ന് അർജന്റീനയിലെ റൊസാരിയോയിലേക്ക് മടങ്ങിയതിനാൽ ലയണൽ മെസി മത്സരത്തിൽ കളിച്ചിരുന്നില്ല. ബോക്സിന് പുറത്തുനിന്ന് തൊടുത്ത ലോങ് റേഞ്ചർ ഷോട്ടിലൂടെ ഡി പോൾ ഇന്റർ മയാമിയെ ലീഡിലെത്തിക്കുകയായിരുന്നു. ഗോൾ നേടിയ ഉടൻ തന്നെ കോർണർ ഫ്ലാഗിന് അടുത്തേക്ക് ഓടിയ ഡി പോൾ തന്റെ കുപ്പായം അഴിച്ച് ഉള്ളിൽ അണിഞ്ഞിരുന്ന മെസിയുടെ നമ്പറും പേരുമുള്ള ജേഴ്സി ഉയർത്തിക്കാട്ടി.
സഹതാരത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതിനായുള്ള ഈ ആഘോഷം ആരാധകരുടെയും കായികലോകത്തിന്റെയും മനസ്സ് തൊട്ടു.
റഫറി മഞ്ഞക്കാർഡ് നൽകിയെങ്കിലും, മെസിയോടുള്ള സൗഹൃദവും ആദരവും പ്രകടിപ്പിക്കാൻ ഡി പോൾ ഈ നിമിഷം തിരഞ്ഞെടുക്കുകയായിരുന്നു.
അർജന്റീന ദേശീയ ടീമിൽ മെസിയുടെ അടുത്ത സുഹൃത്തായ ഡി പോൾ, ഈ സീസണിലാണ് ഇന്റർ മയാമിയിലേക്ക് ചേക്കേറിയത്. മത്സരത്തിന് മുമ്പ് രണ്ട് ടീമുകളിലെയും കളിക്കാർ കറുത്ത ആംബാൻഡ് ധരിക്കുകയും ജോർജ്ജ് മെസിയുടെ ഓർമ്മയ്ക്കായി ഒരു മിനിറ്റ് മൗനം പാലിക്കുകയും ചെയ്തു.
