ന്യൂയോർക്ക് / ഹൂസ്റ്റൺ:
അമേരിക്കയിലെ കാൻസാസ് സംസ്ഥാനത്തുണ്ടായ അതിശക്തമായ മലവെള്ളപ്പാച്ചിലിൽ കാർ ഒഴുക്കിൽപ്പെട്ട് 33 കാരനായ ഇന്ത്യൻ ഐടി പ്രൊഫഷണലിന് ദാരുണാന്ത്യം. ആന്ധ്രാപ്രദേശ് സ്വദേശിയായ വെങ്കിടേഷ് ദൊപ്പലപ്പുഡിയാണ് (33) മരിച്ചത്.
നെബ്രാസ്കയിലെ ഒമാഹയിൽ താമസക്കാരനായിരുന്ന വെങ്കിടേഷ്, എച്ച്-1ബി (H-1B) വിസയിൽ ജോലി ചെയ്യുന്നതിനൊപ്പം ഉപരിപഠനവും നടത്തിവരികയായിരുന്നു.
ശനിയാഴ്ച ഉച്ചതിരിഞ്ഞ് ഹൂസ്റ്റണിലേക്ക് കാർ ഓടിച്ചു പോകുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. കാൻസാസിൻ്റെ വിവിധ ഭാഗങ്ങളിൽ ആറ് ഇഞ്ചിലധികം കനത്ത മഴ പെയ്തതിനെ തുടർന്ന് പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തിൽ വെങ്കിടേഷിൻ്റെ വാഹനം ഒഴുക്കിൽപ്പെടുകയായിരുന്നു.
ഒരു പാലത്തിന് സമീപം വെങ്കിടേഷ് സഞ്ചരിച്ചിരുന്ന കാർ വെള്ളത്തിൽ മുങ്ങുന്നത് കണ്ടതായി ദൃക്സാക്ഷികൾ അറിയിച്ചതായി സംനർ കൗണ്ടിയിലെ അടിയന്തര രക്ഷാപ്രവർത്തകർ പറഞ്ഞു. വിവരമറിഞ്ഞ് ഉടനടി രക്ഷാപ്രവർത്തകർ എത്തിയെങ്കിലും ശക്തമായ കുത്തൊഴുക്ക് കാരണം കാറിനടുത്തേക്ക് പ്രവേശിക്കാൻ സാധിച്ചില്ല. തുടർന്ന് ഡ്രോണുകളും കാൻസാസ് ഹൈവേ പട്രോളിൻ്റെ വ്യോമസേന വിഭാഗത്തെയും ഉൾപ്പെടുത്തി നടത്തിയ വിപുലമായ തിരച്ചിലിനൊടുവിൽ തൊട്ടടുത്ത ദിവസമാണ് വെങ്കിടേഷിൻ്റെ മൃതദേഹം കണ്ടെത്താനായത്.
വെങ്കിടേഷിന്റെ അപ്രതീക്ഷിത വിയോഗത്തിൽ ഹൂസ്റ്റണിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ അനുശോചനം രേഖപ്പെടുത്തി. മൃതദേഹം നാട്ടിലെത്തിക്കുന്നതിനായി പ്രാദേശിക അധികാരികളുമായും കുടുംബാംഗങ്ങളുമായും ചേർന്ന് നിയമപരമായ നടപടികൾ വേഗത്തിലാക്കാൻ കോൺസുലേറ്റ് ശ്രമിച്ചുവരികയാണ്. മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുപോകുന്നതിനും സംസ്കാര ചടങ്ങുകൾക്കുമുള്ള സാമ്പത്തിക സഹായത്തിനായി സുഹൃത്തുക്കളും പ്രവാസി സമൂഹവും ചേർന്ന് ‘ഗോഫണ്ട്മീ’ (GoFundMe) ക്യാമ്പയിൻ ആരംഭിച്ചിട്ടുണ്ട്.
