മുംബൈ: ബോളിവുഡ് താരം രൺവീർ സിംഗിനെ നായകനാക്കി ആദിത്യ ധർ സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രം ‘ധുരന്ധർ 2: ദി റിവഞ്ച്’ ബോക്സ് ഓഫീസിൽ അപ്രമാദിത്വം തുടരുന്നു. റിലീസ് ചെയ്ത് കേവലം നാല് ദിവസങ്ങൾ പിന്നിടുമ്പോൾ ആഗോളതലത്തിൽ 500 കോടി രൂപ എന്ന ചരിത്ര നേട്ടം ചിത്രം സ്വന്തമാക്കിയിരിക്കുകയാണ്. ഇന്ത്യൻ വിപണിയിൽ മാത്രം ചിത്രം 400 കോടി രൂപ എന്ന മാന്ത്രിക സംഖ്യയിലേക്ക് അതിവേഗം അടുക്കുകയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
രൺവീർ സിംഗിനൊപ്പം സഞ്ജയ് ദത്ത്, അർജുൻ രാംപാൽ, രാകേഷ് ബേദി തുടങ്ങിയ വൻ താരനിര അണിനിരന്ന ഈ ആക്ഷൻ ത്രില്ലർ ആരാധകർക്കിടയിൽ വൻ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്. പ്രമുഖ ട്രേഡ് അനലിസ്റ്റുകളുടെ കണക്കനുസരിച്ച്, ചിത്രത്തിന്റെ ആദ്യ വാരന്ത്യത്തിലെ കളക്ഷൻ സമീപകാല ബോളിവുഡ് ചിത്രങ്ങളുടെ എല്ലാ റെക്കോർഡുകളെയും കടത്തിവെട്ടുന്നതാണ്.
പ്രത്യേകിച്ച് വടക്കേ ഇന്ത്യയിലെ തിയേറ്ററുകളിൽ ‘ധുരന്ധർ 2’ വൻ കുതിപ്പാണ് നടത്തുന്നത്. സഞ്ജയ് ദത്തിന്റെ വില്ലൻ വേഷവും രൺവീർ സിംഗിന്റെ പ്രകടനവുമാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. ചിത്രത്തിന്റെ സാങ്കേതിക മികവും ആക്ഷൻ രംഗങ്ങളും പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്നു. വരും ദിവസങ്ങളിലും ചിത്രം ഇതേ രീതിയിൽ മുന്നേറുകയാണെങ്കിൽ ഇന്ത്യയിലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് വിജയങ്ങളിൽ ഒന്നായി ‘ധുരന്ധർ 2’ മാറും.
![]()
