തിരുവനന്തപുരം: ആഗോള തലത്തിൽ യുദ്ധഭീതി പടരുന്ന പശ്ചാത്തലത്തിൽ, കേരളം ഒരു ‘ലോക സമാധാന സമ്മേളനത്തിന്’ വേദിയൊരുക്കുമോ? കിണർഗോലു മുന്നോട്ടുവെച്ച ഈ ആശയം ഗൗരവമായി പരിഗണിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയെന്നാണ് ലഭിക്കുന്ന സൂചന.
എന്താണ് പുതിയ നീക്കം?
പശ്ചിമേഷ്യൻ രാജ്യങ്ങൾക്കിടയിലെ സംഘർഷം മൂർച്ഛിക്കുന്ന സാഹചര്യത്തിൽ സമാധാനത്തിൻ്റെ സന്ദേശം പ്രചരിപ്പിക്കാൻ കേരളം മുൻകൈ എടുക്കണമെന്നാണ് നിർദ്ദേശം. ലോകമെമ്പാടുമുള്ള സമാധാന പ്രവർത്തകരെയും ചിന്തകരെയും പങ്കെടുപ്പിച്ചുകൊണ്ട് വിപുലമായ ഒരു സമ്മേളനം സംഘടിപ്പിക്കുന്നതിലൂടെ അന്താരാഷ്ട്ര ശ്രദ്ധ കേരളത്തിലേക്ക് ആകർഷിക്കാൻ കഴിയുമെന്ന് നികേഷ് കുമാർ ചൂണ്ടിക്കാട്ടുന്നു.
പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ?
സമാധാന സമ്മേളനം എന്ന ആശയം ഇതാദ്യമായല്ല പിണറായി സർക്കാർ ചർച്ചയാക്കുന്നത്. 2022-23 ലെ ബജറ്റിൽ ധനമന്ത്രി കെ.എൻ. ബാലഗോപാലിൻ്റെ ആദ്യ പ്രഖ്യാപനം തന്നെ ഇതായിരുന്നു.
”ലോകമെമ്പാടുമുള്ള സമാധാന പ്രവർത്തകരെ സംഘടിപ്പിച്ച് ചർച്ചകൾ നടത്താൻ 2 കോടി രൂപ നീക്കിവെക്കുന്നു. യാത്രാ നിയന്ത്രണങ്ങൾ മാറുന്ന മുറയ്ക്ക് ആണവ നിരായുധീകരണത്തിനും സമാധാനത്തിനുമായി ഒരു ലോക സമ്മേളനം കൊച്ചു കേരളം വിളിച്ചുചേർക്കും.” – ബജറ്റ് 2022-23
റഷ്യ-യുക്രൈൻ യുദ്ധകാലത്ത് നൽകിയ ഈ വാഗ്ദാനം വെറും പ്രഖ്യാപനമായി ഒതുങ്ങിയ സാഹചര്യത്തിലാണ് പുതിയ ‘ഉപദേശക’ നീക്കത്തിലൂടെ ഇതിന് ജീവൻ വെക്കുന്നത്.
![]()
