തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത ട്രഷറി നിയന്ത്രണം നിലനിൽക്കുന്നതിനിടെ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ചികിത്സാ ചെലവുകൾക്കായി ലക്ഷങ്ങൾ അധികമായി അനുവദിച്ചു. 19.36 ലക്ഷം രൂപയാണ് (₹19,36,000) ചികിത്സാ ഇനത്തിൽ അധിക ഫണ്ടായി അനുവദിച്ചത്. ബജറ്റ് വിഹിതം തീർന്നതിനെത്തുടർന്ന് തടസ്സപ്പെട്ട ഫയലുകളിൽ ഇതോടെ ഉടൻ തീരുമാനമാകും.

പ്രത്യേക അനുമതിയുമായി ധനവകുപ്പ്
മന്ത്രിമാരുടെയും മുഖ്യമന്ത്രിയുടെയും ചികിത്സാ ആവശ്യങ്ങൾക്കായി ഈ സാമ്പത്തിക വർഷം വകയിരുത്തിയിരുന്ന ബജറ്റ് വിഹിതം നേരത്തെ തന്നെ തീർന്നിരുന്നു. ഇതേത്തുടർന്ന് പല മന്ത്രിമാരും നൽകിയ റീഇംബേഴ്സ്മെന്റ് അപേക്ഷകൾ തീർപ്പാക്കാൻ സാധിച്ചിരുന്നില്ല. ഈ പ്രതിസന്ധി പരിഹരിക്കാനാണ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ പ്രത്യേക താല്പര്യമെടുത്ത് കഴിഞ്ഞ ദിവസം (ഫെബ്രുവരി 6) അധിക ഫണ്ട് അനുവദിച്ചത്.
നിലവിലെ ട്രഷറി നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിക്കൊണ്ടാണ് ഈ നീക്കം എന്നത് ശ്രദ്ധേയമാണ്. ബജറ്റ് ശീർഷകത്തിൽ പണമില്ലാത്തതിനാൽ കെട്ടിക്കിടന്ന അപേക്ഷകൾ പുതിയ ഫണ്ട് എത്തിയതോടെ ഉടനടി ക്ലിയർ ചെയ്യാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
സാധാരണക്കാർക്ക് ചികിത്സാ ധനസഹായം ലഭിക്കുന്നതിന് പലപ്പോഴും മാസങ്ങൾ കാത്തിരിക്കേണ്ടി വരുമ്പോഴാണ്, ഭരണതലപ്പത്തുള്ളവർക്കായി അടിയന്തരമായി ഫണ്ട് അനുവദിച്ചിരിക്കുന്നത്. ലഭിച്ച അധിക തുക ഉപയോഗിച്ച് നിലവിൽ തീർപ്പാക്കാനുള്ള എല്ലാ ചികിത്സാ ബില്ലുകളും മാറാനാണ് പൊതുഭരണ വകുപ്പിന്റെ തീരുമാനം.
![]()
