തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരും പെൻഷൻകാരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ക്ഷാമബത്ത (DA) അനുവദിക്കുന്ന കാര്യത്തിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ മനപ്പൂർവ്വം കാലതാമസം വരുത്തുന്നതായി ആക്ഷേപം. ഡിഎ അനുവദിക്കാനുള്ള ഫയൽ ധനമന്ത്രിയുടെ കൈവശമെത്തിയിട്ട് ഇന്ന് 17 ദിവസം തികയുന്നു. ഇതുസംബന്ധിച്ച ഇ-ഫയൽ (e-File) രേഖകൾ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്.
ഫയൽ നീക്കം ഇങ്ങനെ:
- ഡിസംബർ 31, 2025: ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ ക്ഷാമബത്ത അനുവദിക്കാനുള്ള ഫയൽ ധനമന്ത്രിക്ക് കൈമാറി.
- അതേ ദിവസം: മന്ത്രി ഫയൽ തന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിക്ക് പരിശോധനയ്ക്കായി നൽകി.
- ജനുവരി 5, 2026: അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി പരിശോധനകൾ പൂർത്തിയാക്കി ഫയൽ തിരികെ മന്ത്രിക്ക് സമർപ്പിച്ചു.
ജനുവരി 5 മുതൽ ഇന്നുവരെയുള്ള 17 ദിവസമായി മന്ത്രിയുടെ പക്കൽ ഈ ഫയൽ തീരുമാനമെടുക്കാതെ ഇരിക്കുകയാണ്. ജീവനക്കാരുടെ ന്യായമായ അവകാശത്തിന്മേൽ ധനമന്ത്രി പുലർത്തുന്ന ഈ മെല്ലെപ്പോക്ക് വലിയ പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്.
കുടിശിക 15 ശതമാനം
നിലവിൽ സർക്കാർ ജീവനക്കാർക്ക് ലഭിക്കാനുള്ളത് ആകെ 6 ഗഡു ക്ഷാമബത്തയാണ്. ഇത് 15 ശതമാനത്തോളം വരും. ഇതിൽ ആദ്യത്തെ രണ്ട് ഗഡുക്കൾ അനുവദിക്കുന്നതിനായുള്ള ശുപാർശയാണ് ഇപ്പോൾ മന്ത്രിയുടെ മേശപ്പുറത്തുള്ളത്. ഫയൽ നീക്കത്തിലെ ഇ ഫയൽ രേഖകൾ പുറത്ത് വന്നതോടെ ബാലഗോപാലിൻ്റെ ക്ഷാമബത്ത വൈകിപ്പിക്കൽ കള്ളകളി പുറത്ത് വന്നിരിക്കുകയാണ്.
വിലക്കയറ്റത്തിൽ പൊറുതിമുട്ടുന്ന ജീവനക്കാർക്ക് ഈ രണ്ട് ഗഡുക്കളെങ്കിലും ഉടൻ ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു സംഘടനകൾ. എന്നാൽ മന്ത്രിയുടെ ഈ ‘അടയിരിക്കൽ’ നീളുന്നത് സർവീസ് സംഘടനകൾക്കിടയിൽ വലിയ അമർഷത്തിന് കാരണമായിട്ടുണ്ട്. വരും ദിവസങ്ങളിൽ ഈ വിഷയത്തിൽ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകാനാണ് ജീവനക്കാരുടെ തീരുമാനം.
![]()
