രപാലക്കാട്: വിവാദമായ ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. പാലക്കാട്ടെ കെ.പി.എം ഹോട്ടലിൽ നിന്ന് പുലർച്ചെ നാടകീയമായി കസ്റ്റഡിയിലെടുത്ത രാഹുലിനെ വിശദമായി ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് സ്ഥിരീകരിച്ചത്. പത്തനംതിട്ടയിൽ നിന്നുള്ള പ്രത്യേക അന്വേഷണ സംഘമാണ് നടപടികൾക്ക് നേതൃത്വം നൽകുന്നത്. പത്തനംതിട്ട എ ആർ ക്യാമ്പിൽ എത്തിച്ചതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.അറസ്റ്റ് രേഖപ്പെടുത്തിയ രാഹുലിനെ വൈദ്യപരിശോധനയ്ക്ക് ശേഷം മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കും.
ഇ-മെയിൽ വഴി ലഭിച്ച പുതിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ മൂന്നാമത്തെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നേരത്തെ നിലവിലുണ്ടായിരുന്ന രണ്ട് കേസുകളിൽ ഒന്നിൽ ഹൈക്കോടതി അറസ്റ്റ് തടയുകയും മറ്റൊന്നിൽ വിചാരണ കോടതി മുൻകൂർ ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു. എന്നാൽ പുതിയ പരാതിയിൽ കൃത്യമായ തെളിവുകൾ തങ്ങളുടെ പക്കലുണ്ടെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
അന്വേഷണ സംഘം പറയുന്നത്:
അന്വേഷണത്തിന്റെ ഭാഗമായി നിർണ്ണായകമായ ഡിജിറ്റൽ തെളിവുകളും സാക്ഷിമൊഴികളും ലഭിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. നിർബന്ധിത ഗർഭഛിദ്രം, ലൈംഗിക പീഡനം തുടങ്ങിയ ഗുരുതരമായ വകുപ്പുകളാണ് രാഹുലിനെതിരെ ചുമത്തിയിരിക്കുന്നത്. ഹോട്ടൽ മുറിയിൽ നിന്ന് പുറത്തിറങ്ങാൻ വിസമ്മതിച്ച രാഹുലിനെ മണിക്കൂറുകൾ നീണ്ട ചർച്ചകൾക്കൊടുവിലാണ് പോലീസ് വാഹനത്തിൽ കയറ്റിയത്.
![]()
