തിരുവനന്തപുരം: പങ്കാളിത്ത പെൻഷൻ വിഷയത്തിൽ ജീവനക്കാർക്ക് നൽകിയ വാഗ്ദാനം പാലിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ മാതൃകയാകുന്നു. പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ചുകൊണ്ട് വിപ്ലവകരമായ തീരുമാനമാണ് തമിഴ്‌നാട് സർക്കാർ കൈക്കൊണ്ടിരിക്കുന്നത്. എന്നാൽ അയൽസംസ്ഥാനം ജീവനക്കാരുടെ കണ്ണീരൊപ്പുമ്പോൾ, കേരളത്തിൽ ഇടതു സർക്കാർ സമിതി റിപ്പോർട്ടുകൾ പൂഴ്ത്തിവെച്ച് ജീവനക്കാരെ വഞ്ചിക്കുകയാണെന്ന ആക്ഷേപം ശക്തമാകുന്നു.
തമിഴ്‌നാട്ടിൽ ഇനി സുരക്ഷിത കാലം
തമിഴ്‌നാട് സർക്കാർ പ്രഖ്യാപിച്ച പുതിയ തീരുമാനപ്രകാരം ജീവനക്കാർക്ക് വിരമിക്കുന്ന സമയത്തെ അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനം പെൻഷനായി ഉറപ്പാക്കും. ഇതിനുപുറമെ:
- പെൻഷനോടൊപ്പം കൃത്യമായ ഇടവേളകളിൽ ക്ഷാമാശ്വാസവും (DR) ലഭിക്കും.
- മരണാനന്തര വിരമിക്കൽ ഗ്രാറ്റുവിറ്റി (DCRG) ആയി 20 ലക്ഷം രൂപ വരെ ഉറപ്പാക്കി. ജീവനക്കാർ സമരത്തിലേക്ക് നീങ്ങുമെന്ന് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് സ്റ്റാലിൻ സർക്കാർ ഈ ജനപ്രിയ തീരുമാനം കൈക്കൊണ്ടത്.
കേരളത്തിൽ ‘പഠനം’ തുടർക്കഥ; ഫയലുകൾ വിശ്രമത്തിൽ
തമിഴ്‌നാട് വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരുമ്പോൾ കേരളത്തിലെ സ്ഥിതി ദയനീയമാണ്. 2018-ൽ ഒന്നാം പിണറായി സർക്കാർ നിയോഗിച്ച പുനഃപരിശോധനാ സമിതി റിപ്പോർട്ട് സമർപ്പിച്ചിട്ട് ആറ് വർഷം പിന്നിട്ടിട്ടും ഒരു ശുപാർശ പോലും നടപ്പിലാക്കാൻ സർക്കാർ തയ്യാറായിട്ടില്ല.
കേന്ദ്ര സർക്കാരോ മറ്റ് പല സംസ്ഥാനങ്ങളോ പങ്കാളിത്ത പെൻഷൻകാർക്ക് അനുവദിച്ചിട്ടുള്ള DCRG ആനുകൂല്യം പോലും കേരളത്തിലെ ജീവനക്കാർക്ക് പിണറായി സർക്കാർ നിഷേധിക്കുകയാണ്. ഈ വിഭാഗത്തിന് DCRG നൽകേണ്ടതില്ല എന്നതാണ് സർക്കാർ നിലപാടെന്ന് മുൻ ധനമന്ത്രി തോമസ് ഐസക്കും നിലവിലെ മന്ത്രി കെ.എൻ. ബാലഗോപാലും നിയമസഭയിൽ ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്.
കടമെടുക്കാൻ പെൻഷൻ, ആനുകൂല്യം നൽകാൻ തടസ്സം!
പങ്കാളിത്ത പെൻഷന്റെ പേരിൽ 2022 മുതൽ പ്രതിവർഷം 2000 കോടി രൂപ വീതം കടമെടുക്കാൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ ജാഗ്രത കാണിക്കുന്നുണ്ട്. എന്നാൽ ജീവനക്കാർക്ക് ആനുകൂല്യം നൽകുന്ന കാര്യം വരുമ്പോൾ ഫയലുകൾ ചുവപ്പുനാടയിലാണ്. പുനഃപരിശോധനാ സമിതിയുടെ റിപ്പോർട്ട് 2021 ജൂലൈ മുതൽ ധനമന്ത്രിയുടെ മേശപ്പുറത്ത് തീരുമാനമാകാതെ ഇരിക്കുകയാണ്.
ജീവനക്കാർക്ക് അനുകൂലമായ റിപ്പോർട്ട് കയ്യിലിരിക്കെ, അത് നടപ്പിലാക്കാതെ നീട്ടിക്കൊണ്ടുപോകുന്ന സർക്കാർ ‘സ്റ്റാലിൻ മാതൃക’ കണ്ടുപഠിക്കുമോ എന്നാണ് കേരളത്തിലെ സർക്കാർ ജീവനക്കാർ ചോദിക്കുന്നത്.
![]()
