തിരുവനന്തപുരം: പിണറായി സർക്കാർ വലിയ പ്രതീക്ഷകളോടെ നടപ്പിലാക്കിയ കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിന് (KAS) ഉദ്യോഗസ്ഥരുടെ നിലപാട് തിരിച്ചടിയാകുന്നു. ഫീൽഡ് തസ്തികകളിൽ ജോലി ചെയ്യാൻ ഉദ്യോഗസ്ഥർ വിമുഖത കാണിക്കുന്നുവെന്നും വ്യക്തിപരമായ സൗകര്യങ്ങൾക്കും ആനുകൂല്യങ്ങൾക്കുമാണ് ഇവർ മുൻഗണന നൽകുന്നതെന്നും ചീഫ് സെക്രട്ടറി അധ്യക്ഷനായ സെക്രട്ടറിതല യോഗം വിലയിരുത്തി. ഇതുസംബന്ധിച്ച യോഗത്തിന്റെ മിനിറ്റ്സ് പുറത്തുവന്നതോടെ വലിയ വിവാദത്തിനാണ് വഴിമരുന്നിട്ടിരിക്കുന്നത്.
സൗകര്യം നോക്കി സ്ഥലംമാറ്റം; സെക്രട്ടറിമാരും ഇരുട്ടിൽ
KAS ഉദ്യോഗസ്ഥർ സ്വന്തം താല്പര്യങ്ങൾക്കനുസരിച്ച് വർക്കിങ് അറേഞ്ച്മെന്റ് തരപ്പെടുത്തുന്നതായാണ് പ്രധാന വിമർശനം. പലപ്പോഴും വകുപ്പ് സെക്രട്ടറിമാർ പോലും അറിയാതെയാണ് ഇത്തരം നീക്കങ്ങൾ നടക്കുന്നത്. പ്രത്യേക ചുമതലകൾ ഏൽപ്പിക്കുമ്പോൾ അത് തങ്ങളുടെ പദവിക്ക് നിരക്കാത്തതാണെന്ന വാദം ഉയർത്തി ഒഴിഞ്ഞുമാറുന്ന പ്രവണതയും ഉദ്യോഗസ്ഥർക്കിടയിൽ വർദ്ധിച്ചുവരികയാണ്.
തകർന്നുപോകുന്ന ലക്ഷ്യങ്ങൾ
KAS രൂപീകരണത്തിന്റെ പ്രധാന ലക്ഷ്യം തന്നെ കാര്യക്ഷമമായ ഫീൽഡ് ഭരണമായിരുന്നു. എന്നാൽ മിക്ക ഉദ്യോഗസ്ഥരും ഡെപ്യൂറ്റേഷനിലും വർക്കിങ് അറേഞ്ച്മെന്റിലും തുടരാൻ താല്പര്യപ്പെടുന്നതോടെ ഫീൽഡ് തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണ്. ഇത് ഭരണസംവിധാനത്തിന്റെ കാര്യക്ഷമതയെ ബാധിക്കുന്നു.
യോഗത്തിൽ ഉയർന്ന പ്രധാന വിമർശനങ്ങൾ:
- ജോലി കുറവ്, ശമ്പളം കൂടുതൽ: IAS ഉദ്യോഗസ്ഥരേക്കാൾ 35 ശതമാനത്തോളം കൂടുതൽ ശമ്പളം കൈപ്പറ്റുമ്പോഴും ഉത്തരവാദിത്തങ്ങളിൽ നിന്ന് ഉദ്യോഗസ്ഥർ ഒഴിഞ്ഞുമാറുന്നു.
- ഫീൽഡ് പരിചയമില്ലായ്മ: ഫീൽഡ് തലത്തിലുള്ള പരിചയക്കുറവ് ഉദ്യോഗസ്ഥരുടെ പ്രകടനത്തെയും കാര്യക്ഷമതയെയും സാരമായി ബാധിക്കുന്നു.
- ആനുകൂല്യങ്ങളിൽ മാത്രം കണ്ണ്: സർക്കാർ നൽകുന്ന സൗകര്യങ്ങളും ആനുകൂല്യങ്ങളും നേടിയെടുക്കുന്നതിലാണ് ഉദ്യോഗസ്ഥർക്ക് താല്പര്യം.
- തന്നിഷ്ടപ്രകാരം നിയമനം: സ്വന്തം ഇഷ്ടപ്രകാരം ജോലി ചെയ്യാൻ ഉദ്യോഗസ്ഥർക്ക് ചിലർ വഴിവിട്ട സൗകര്യങ്ങൾ ഒരുക്കി നൽകുന്നു.
കർശന നടപടിക്ക് നിർദ്ദേശം
പ്രൊമോഷൻ കാലയളവ് എട്ട് വർഷത്തിൽ നിന്നും നാല് വർഷമായി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് KAS ഉദ്യോഗസ്ഥരുടെ കൂട്ടായ്മ സർക്കാരിനെ സമീപിച്ചിരിക്കെയാണ് ഉദ്യോഗസ്ഥർക്കെതിരെയുള്ള സെക്രട്ടറിമാരുടെ റിപ്പോർട്ട് പുറത്തുവരുന്നത്. കുറഞ്ഞത് മൂന്ന് വർഷമെങ്കിലും ഫീൽഡ് തസ്തികകളിൽ ഉദ്യോഗസ്ഥർ ജോലി ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ഡെപ്യൂറ്റേഷൻ റിസർവുകൾ സൃഷ്ടിക്കുന്നതിന് മുൻപ് കേഡർ തസ്തികകൾ നികത്തണമെന്നും യോഗം കർശന നിർദ്ദേശം നൽകി.
ഫീൽഡ് തസ്തികകളിൽ ഡെപ്യൂറ്റേഷൻ റിസർവ് ഉൾപ്പെടുത്തണമെന്ന നിർദ്ദേശവും ചീഫ് സെക്രട്ടറിതല യോഗം മുന്നോട്ട് വെച്ചിട്ടുണ്ട്. സർക്കാർ ഏറെ പ്രതീക്ഷയോടെ കൊണ്ടുവന്ന ഈ സംവിധാനം ഉദ്യോഗസ്ഥരുടെ സ്വാർത്ഥ താല്പര്യങ്ങൾ കാരണം വഴിമുട്ടുമോ എന്ന ആശങ്കയിലാണ് ഭരണകൂടം.
![]()
