ന്യൂഡൽഹി: കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെയും വ്യവസായി റോബര്‍ട്ട് വദ്രയുടെയും മകനായ റെയ്ഹാൻ വദ്ര വിവാഹിതനാകുന്നു. ദീർഘകാലത്തെ സുഹൃത്തും കാമുകിയുമായ അവീവ ബെയ്ഗാണ് വധു. കഴിഞ്ഞ ഏഴ് വർഷത്തോളമായി ഇരുവരും പ്രണയത്തിലായിരുന്നു.
കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ വിവാഹനിശ്ചയം കഴിഞ്ഞതായാണ് റിപ്പോർട്ടുകൾ. ഇതിന്റെ തുടർച്ചയായുള്ള വിപുലമായ ആഘോഷ ചടങ്ങുകൾ നാളെ രാജസ്ഥാനിലെ രൺതംബോറിൽ നടക്കും. അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ വിവാഹം ഉണ്ടാകുമെന്നാണ് സൂചന.
ആരാണ് അവീവ ബെയ്ഗ്?
ഡൽഹി ആസ്ഥാനമായുള്ള ബിസിനസുകാരൻ ഇമ്രാൻ ബെയ്ഗിന്റെയും ഇന്റീരിയർ ഡിസൈനറായ നന്ദിത ബെയ്ഗിന്റെയും മകളാണ് അവീവ. പ്രിയങ്ക ഗാന്ധിയും നന്ദിതയും അടുത്ത സുഹൃത്തുക്കളാണ്. പഠനകാലം മുതൽ റെയ്ഹാനും അവീവയും തമ്മിൽ പരിചയമുണ്ട്. മോഡേൺ സ്കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ഒ.പി. ജിൻഡാൽ സർവകലാശാലയിൽ നിന്ന് മാധ്യമപഠനത്തിൽ അവീവ ബിരുദം നേടിയിട്ടുണ്ട്. മുൻ ദേശീയ ഫുട്ബോൾ താരമായ ഇവർ നിലവിൽ ഫോട്ടോഗ്രാഫർ കൂടിയാണ്.
ഫോട്ടോഗ്രാഫിയിലും വിഷ്വൽ ആർട്സിലും താൽപ്പര്യമുള്ള റെയ്ഹാനും അവീവയും പ്രൊഫഷണൽ രംഗത്തെ സമാനതകളിലൂടെയാണ് കൂടുതൽ അടുത്തത്. ഗാന്ധി കുടുംബത്തിലെ പുതിയ വിശേഷം രാഷ്ട്രീയ വൃത്തങ്ങളിലും വലിയ ചർച്ചയായിട്ടുണ്ട്.
![]()
