കൊച്ചി: ഒരിടവേളയ്ക്ക് ശേഷം സിൽവർ ലൈൻ (കെ-റെയിൽ) യാഥാർത്ഥ്യമാവുന്നതിനുള്ള അണിയറ നീക്കങ്ങൾ ശക്തമാകുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ പദ്ധതിക്ക് കേന്ദ്രാനുമതി ലഭിക്കുമെന്നാണ് ലഭിക്കുന്ന സൂചനകൾ. കേന്ദ്രാനുമതിക്കായി കെ.വി. തോമസും. ജോൺ ബ്രിട്ടാസും ചേർന്നാണ് ചരടുവലികൾ നടത്തുന്നത്. ഈ നീക്കങ്ങൾ വിജയത്തിലെത്തിയെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.
മുത്തൂറ്റിന് പകരം ഭൂമി:
ഇൻഫോപാർക്കിന്റെ കൊച്ചി രണ്ടാം ഘട്ട കാമ്പസിൽ നിന്ന് സിൽവർ ലൈനിനായി 44 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതിന് 2021 ഒക്ടോബർ 30-ന് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.
ഇതിൽ മുത്തൂറ്റ് ഇൻഫോപാർക്ക് പ്രൈവറ്റ് ലിമിറ്റഡിന് ഇൻഫോപാർക്ക് കൊച്ചി നിലവിൽ പാട്ടത്തിന് നൽകിയിട്ടുള്ള 9.37 ഏക്കർ ഭൂമിയും ഉൾപ്പെട്ടിരുന്നു. ഈ ഭൂമിക്ക് പകരമായി ഇൻഫോപാർക്കിന്റെ കൈവശമുണ്ടായിരുന്ന 6 ഏക്കർ ഭൂമി മുത്തൂറ്റ് ഇൻഫോപാർക്ക് പ്രൈവറ്റ് ലിമിറ്റഡിന് 90 വർഷത്തേക്ക് പാട്ടത്തിന് നൽകാൻ ഈ മാസം 3-ന് ഐ.ടി. വകുപ്പിൽ നിന്ന് ഉത്തരവിറങ്ങി. സിൽവർ ലൈൻ പദ്ധതിക്ക് അനുമതി ലഭിക്കുമെന്ന് ഉറപ്പായതോടെയാണ് പകരം ഭൂമി കൈമാറ്റം നടന്നതെന്നാണ് സൂചന. തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞയുടൻ കെ-റെയിലിന് കേന്ദ്രം പച്ചക്കൊടി കാട്ടുമെന്നാണ് ലഭിക്കുന്ന വിവരം.
![]()
