കൊച്ചി: കേരളത്തിലെ ഭൂഗർഭജലത്തിന്റെ ഉടമസ്ഥാവകാശം നിയമപരമായി സർക്കാരിൽ നിക്ഷിപ്തമാക്കാൻ ശുപാർശ ചെയ്യുന്ന കരട് സംസ്ഥാന ജലനയം 2025 ഗാർഹിക ഉപഭോക്താക്കൾക്കും വ്യവസായങ്ങൾക്കും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു. ടൈംസ് ഓഫ് ഇന്ത്യ അസിസ്റ്റൻ്റ് എഡിറ്റർ കെ .പി. സായ് കിരണിൻ്റെ റിപ്പോർട്ട് ഞെട്ടിക്കുന്നതാണ്.
കേരളത്തിൽ കിണർ കുഴിക്കുന്നവർക്ക് ഭൂഗർഭജലത്തിൽ മേൽ നിയന്ത്രണമുണ്ട് എന്ന നിലവിലെ ധാരണയ്ക്ക് ഇതോടെ മാറ്റം വരും. അശാസ്ത്രീയമായ കിണർ നിർമ്മാണവും ജലത്തിന്റെ ദുരുപയോഗവും തടയാനാണ് പുതിയ നിയന്ത്രണങ്ങൾ. ‘കേരളത്തിൽ ജലം വളരെ സമൃദ്ധമായിട്ടുണ്ട്’ എന്ന തെറ്റായ ധാരണ തിരുത്തുന്നതിനാണ് കരട് നയം പ്രാധാന്യം നൽകുന്നത്.

സംസ്ഥാനത്തിന് ഉയർന്ന മഴ ലഭിക്കുന്നുണ്ടെങ്കിലും, ഭൂപ്രകൃതി കാരണം ഭൂരിഭാഗം ജലവും വേഗത്തിൽ കടലിലേക്ക് ഒഴുകിപ്പോകുന്നു. വയലുകളും തണ്ണീർത്തടങ്ങളും കാർഷികേതര ആവശ്യങ്ങൾക്കായി മാറ്റുന്നത് ഭൂഗർഭജലത്തിന്റെ റീചാർജിംഗിനെ ബാധിക്കുകയും വേനൽക്കാലത്തെ ജലക്ഷാമം രൂക്ഷമാക്കുകയും ചെയ്യുന്നതായി കരട് നയം ചൂണ്ടിക്കാട്ടുന്നു. അനധികൃത കിണർ നിർമ്മാണവും അശാസ്ത്രീയമായ സെപ്റ്റിക് ടാങ്കുകളും മലിനീകരണത്തിന് കാരണമാകുന്നുമുണ്ട്.

ഗാർഹിക ഉപയോക്താക്കൾക്ക് തിരിച്ചടി
കരട് ജലനയത്തിലെ നിർദ്ദേശങ്ങൾ ഗാർഹിക ഉപഭോക്താക്കൾക്ക് കനത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്:
- ഇരട്ട ടാങ്കുകൾ: വീടുകളിൽ കുടിവെള്ളത്തിനും പാചകത്തിനുമായി ഒരു ടാങ്കും മറ്റ് ഗാർഹിക ആവശ്യങ്ങൾക്കായി മറ്റൊന്ന്മായി രണ്ട് ജലസംഭരണികൾ സ്ഥാപിക്കണം.
- കിണർ അനുമതി: വീട്ടിൽ പുതിയ കിണർ കുഴിക്കുന്നതിന് ഇനിമുതൽ സർക്കാർ അനുമതി വേണം.
- മഴവെള്ള സംഭരണം: കെട്ടിടനികുതി ശേഖരിക്കുന്നതിനൊപ്പം മഴവെള്ള സംഭരണികളുടെ പ്രവർത്തനം ഉറപ്പാക്കണം.
വ്യവസായങ്ങൾക്കുള്ള നിയന്ത്രണങ്ങൾ
- ഗാർഹികേതര ഉപയോക്താക്കൾ പുതിയ ജലസ്രോതസ്സുകൾക്ക് അനുമതി നേടണം.
- ഡിജിറ്റൽ ഫ്ലോ മീറ്ററുകൾ സ്ഥാപിക്കണം.
- ഭൂഗർഭജലം ഉപയോഗിക്കുന്നതിനോ പുനഃസ്ഥാപിക്കുന്നതിനോ ഉള്ള നിരക്ക് നൽകണം.
- ജലദൗർലഭ്യമുള്ള പ്രദേശങ്ങളിൽ ജലം അമിതമായി ഉപയോഗിക്കുന്ന വ്യവസായങ്ങൾക്ക് അനുമതി നൽകില്ല.
ജലത്തിന്റെ വില നിർണ്ണയം
ജലത്തിന്റെ ഉപയോഗരീതിയിൽ മാറ്റം വരുത്തുന്നതിനുള്ള പ്രധാന ഉപകരണമായി വിലനിർണ്ണയത്തെയാണ് നയം കാണുന്നത്. അമിത ഉപയോഗത്തിന് വ്യത്യസ്ത നിരക്കും, കൂടുതൽ ശുദ്ധീകരിച്ച വെള്ളം ഉപയോഗിക്കുന്നവരിൽ നിന്ന് ഉയർന്ന തുകയും ഈടാക്കാൻ കരട് ശുപാർശ ചെയ്യുന്നു. അതേസമയം, അടിസ്ഥാന ഗാർഹിക ആവശ്യങ്ങൾക്കുള്ള ജലം സംരക്ഷിക്കുമെന്നും നയം പറയുന്നു.
ജലത്തിന്റെ ഗുണനിലവാരം സംരക്ഷിക്കുന്നതിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് വലിയ പങ്കാണ് നയം നൽകുന്നത്. മൈക്രോപ്ലാസ്റ്റിക്സ്, മരുന്നുകളുടെ അവശിഷ്ടങ്ങൾ തുടങ്ങിയ പുതിയ മലിനീകരണ ഭീഷണികളെക്കുറിച്ചും കരട് നയം മുന്നറിയിപ്പ് നൽകുന്നു.
![]()
