തിരുവനന്തപുരം: സംസ്ഥാനം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെ ട്രഷറി നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി മുഖ്യമന്ത്രിക്കായി പുതിയ കാർ വാങ്ങാൻ 1.10 കോടി രൂപ അനുവദിച്ചു. ധനമന്ത്രി കെ.എൻ. ബാലഗോപാലാണ് ഇന്ന് (ഡിസംബർ 1) തുക അനുവദിച്ച് ഉത്തരവിറക്കിയത്. അധിക ഫണ്ടായാണ് തുക അനുവദിച്ചിരിക്കുന്നത്.
കഴിഞ്ഞ ഓഗസ്റ്റ് 19 മുതലാണ് സംസ്ഥാനത്ത് ട്രഷറി നിയന്ത്രണം കടുപ്പിച്ചത്. 10 ലക്ഷം രൂപയിൽ കൂടുതലുള്ള ബില്ലുകൾ പാസാക്കാൻ ധനവകുപ്പിന്റെ പ്രത്യേക അനുമതി വേണം എന്നതായിരുന്നു പ്രധാന നിബന്ധന. നാല് മാസമായിട്ടും ഈ നിയന്ത്രണം ഇപ്പോഴും തുടരുകയാണ്. എന്നിരിക്കെയാണ് ട്രഷറി നിയന്ത്രണത്തിൽ നിന്ന് ഇളവ് നൽകി മുഖ്യമന്ത്രിയുടെ വാഹനം വാങ്ങാനുള്ള 1.10 കോടി ഉടൻ ലഭ്യമാക്കാൻ ധനവകുപ്പ് തീരുമാനിച്ചത്.

നിലവിൽ മുഖ്യമന്ത്രി ഉപയോഗിക്കുന്ന രണ്ട് വാഹനങ്ങൾക്ക് പകരമായാണ് പുതിയ വാഹനം വാങ്ങുന്നത്. വാഹനത്തിന്റെ നിറം ‘കറുപ്പ്’ തന്നെയാകുമെന്നാണ് സൂചന. കോവിഡ് കാലത്തെ സാമ്പത്തിക നിയന്ത്രണങ്ങൾ 2020-ൽ ധനവകുപ്പ് ഏർപ്പെടുത്തിയിരുന്നു, ഇത് വീണ്ടും ഒരു വർഷത്തേക്ക് കൂടി നീട്ടിയുള്ള ഉത്തരവ് അടുത്തിടെ പുറത്തിറങ്ങിയിരുന്നു. കടുത്ത സാമ്പത്തിക ഞെരുക്കം തുടരുന്നതിനിടയിലും ഖജനാവിൽ നിന്ന് ഇത്രയും വലിയ തുക മുഖ്യമന്ത്രിക്കായി ചെലവഴിക്കുന്നത് ശ്രദ്ധേയമാണ്.
![]()
