തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ ഏറ്റവും അധികം ജനശ്രദ്ധ ആകർഷിക്കുന്ന വാർഡായി മുട്ടട മാറുമ്പോൾ, അവിടെ കോൺഗ്രസ് സ്ഥാനാർത്ഥി വൈഷ്ണ സുരേഷിന്റെ വോട്ട് വെട്ടിമാറ്റാനുള്ള ഏകപക്ഷീയമായ ശ്രമങ്ങളാണ് പ്രധാന ചർച്ചാവിഷയം. 24 വയസ്സുള്ള വൈഷ്ണയുടെ വോട്ട് മേയർ ആര്യ രാജേന്ദ്രന്റെ പേഴ്സണൽ സ്റ്റാഫും ഉദ്യോഗസ്ഥരും ചേർന്ന് വെട്ടിമാറ്റിയതോടെയാണ് മുട്ടട ശ്രദ്ധാകേന്ദ്രമായത്.
മുട്ടടയിലെ സി.പി.എം സ്ഥാനാർത്ഥിയായി മത്സരിക്കുന്ന സുഹൃത്ത് അംശു വാമദേവനുവേണ്ടി മേയർ ആര്യാ രാജേന്ദ്രൻ നടത്തിയ ‘ഓപ്പറേഷനായിരുന്നു’ വൈഷ്ണയുടെ വോട്ട് വെട്ടാനുള്ള ശ്രമം. വോട്ട് വെട്ടിയത് മേയർ ആര്യ രാജേന്ദ്രനാണെന്ന് കെ. മുരളിധരൻ പരസ്യമായി തുറന്നടിച്ചതോടെ വിഷയം കൂടുതൽ ആളിക്കത്തി.
നിയമപോരാട്ടത്തിനൊടുവിൽ വൈഷ്ണയുടെ വോട്ട് പുനഃസ്ഥാപിക്കാൻ കോൺഗ്രസിന് സാധിച്ചു. വോട്ട് പുനഃസ്ഥാപിച്ചുകൊണ്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പുറപ്പെടുവിച്ച വിധിയിൽ, “വൈഷ്ണയുടെ വോട്ട് വെട്ടിയത് ഏകപക്ഷീയമായിരുന്നു ” എന്ന് വ്യക്തമായി രേഖപ്പെടുത്തിയിരുന്നു. വോട്ട് വെട്ടാൻ ആസൂത്രിത ശ്രമം നടന്നുവെന്ന് വ്യക്തം.
വോട്ട് വെട്ടാനുള്ള ശ്രമം പുറത്തുവന്നതോടെ കക്ഷിരാഷ്ട്രീയ ഭേദമെന്യേ വൈഷ്ണ സുരേഷിന് മുട്ടടയിൽ ജനപിന്തുണ വർദ്ധിച്ചു. അനീതി കണ്ടാൽ പ്രതികരിക്കുന്ന മലയാളികളുടെ സ്വഭാവം തന്നെയാണ് മുട്ടടയിൽ ഇപ്പോൾ സംഭവിക്കുന്നത്. വൈഷ്ണ ഒരു ‘തരംഗമായി’ മാറുമ്പോൾ എതിരാളി അംശു വാമദേവന്റെ നില പരുങ്ങലിലാണ്. അംശു ” ശൂ ” ആയി എന്നാണ് റിപ്പോർട്ട്. ഭരണത്തിന്റെ സ്വാധീനം ഉപയോഗിച്ച് വോട്ട് പോലും വെട്ടാൻ ശ്രമിച്ച അഹങ്കാരത്തിനേൽക്കുന്ന തിരിച്ചടിയാകും മുട്ടടയിലെ തിരഞ്ഞെടുപ്പ് ഫലം എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
![]()
