തിരുവനന്തപുരം: വൈഷ്ണ സുരേഷിൻ്റെ വോട്ട് വെട്ടിമാറ്റിയ സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉറപ്പായി. ജനപ്രാതിനിധ്യ നിയമപ്രകാരം ഒരു വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഉദ്യോഗസ്ഥർ ചെയ്തത്. ഇതോടെ ഇവരുടെ ജയിൽവാസം വരെ ഉറപ്പായിരിക്കുകയാണ്.
വൈഷ്ണ സുരേഷിന്റെ വോട്ട് ഏകപക്ഷീയമായി വെട്ടിമാറ്റിയ വിഷയത്തിൽ കോൺഗ്രസ് നേതാവ് അഡ്വ. വീണ എസ്. നായർ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് വിശദമായ പരാതി നൽകിയിരുന്നു. വോട്ട് വെട്ടിമാറ്റിയ ഉദ്യോഗസ്ഥരുടെ പേരുൾപ്പെടെ വ്യക്തമാക്കിയുള്ള പരാതി തെരഞ്ഞെടുപ്പ് കമ്മീഷൻ ഗൗരവത്തോടെയാണ് കാണുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം പരാതിയിൽ വിശദമായ അന്വേഷണം നടത്താനാണ് കമ്മീഷൻ്റെ നീക്കം.
വോട്ട് വെട്ടിമാറ്റിയ നടപടിക്കെതിരെ വൈഷ്ണ സുരേഷ് നേരത്തെ ഹൈക്കോടതിയെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും സമീപിച്ചിരുന്നു. വോട്ട് പുനഃസ്ഥാപിച്ചുകൊണ്ട് പുറത്തിറങ്ങിയ വിധിയിൽ, വോട്ട് വെട്ടിയ നടപടി ഏകപക്ഷീയമായിരുന്നു എന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കുകയും ചെയ്തിരുന്നു.
മേയർ ആര്യ രാജേന്ദ്രന്റെ ‘ശിങ്കിടികൾ’ എന്ന് ആരോപിക്കപ്പെടുന്ന ഉദ്യോഗസ്ഥർ ചെയ്തത് ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം ഗുരുതരമായ കുറ്റമാണ്. ഇത് തെളിയിക്കപ്പെട്ടാൽ ഉദ്യോഗസ്ഥർക്ക് ഒരു വർഷം വരെ തടവുശിക്ഷ ലഭിക്കും. സംഭവത്തിൽ കൂടുതൽ അന്വേഷണത്തിനായി കാത്തിരിക്കുകയാണ് രാഷ്ട്രീയ കേരളം.
![]()
