തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് സ്ഥിതിചെയ്യുന്ന നന്തൻകോട് വാർഡിൽ ഇത്തവണ എൽ.ഡി.എഫ് കടുത്ത തോൽവി ഭീഷണിയിൽ. യു.ഡി.എഫ് സ്ഥാനാർത്ഥിയായ ക്ലീറ്റസ് തെരഞ്ഞെടുപ്പ് രംഗത്ത് ശക്തമായ പ്രചാരണങ്ങളുമായി മുന്നേറുമ്പോൾ, ക്ലിഫ് ഹൗസ് മോടിപിടിപ്പിക്കാൻ ചെലവഴിച്ച കോടിക്കണക്കിന് രൂപയും മറ്റ് ധൂർത്തുകളുമാണ് പ്രധാന ചർച്ചാവിഷയം.
നന്തൻകോട് വാർഡിലാണ് ക്ലീറ്റസ് താമസിക്കുന്നത്. കേരള സ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന കൗൺസിൽ അംഗം കൂടിയാണ് ക്ലീറ്റസ്. “കൈ എത്തും ദൂരത്ത് ക്ലീറ്റസ്” എന്ന പോസ്റ്റർ ഇതിനോടകം മണ്ഡലത്തിൽ വൈറലായി കഴിഞ്ഞു. അതേസമയം, മണ്ഡലത്തിന് പുറത്ത് താമസിക്കുന്ന പാളയം രാജനാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്.
4 കോടി മുടക്കി പാളയം രാജൻ നവീകരണം നടത്തിയ മണ്ഡലത്തിലെ ചാറാച്ചിറ കുളത്തിൻ്റെ അവസ്ഥ പരിതാപകരമാണ്. വൻ അഴിമതി കുളം നവീകരണത്തിൽ ഉണ്ടായെന്ന ആക്ഷേപവും ഉയരുന്നു. ഇതിനെതിരെ ജനരോഷം ശക്തമാണ്.

ധൂർത്തുകൾ പ്രധാന ചർച്ചാവിഷയം
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെ നിർമ്മാണച്ചെലവുകളാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആയുധം.
- ₹42 ലക്ഷം രൂപയുടെ കാലിത്തൊഴുത്ത്
- ₹4.40 ലക്ഷം രൂപയുടെ ചാണകക്കുഴി
- ₹50 ലക്ഷം രൂപയുടെ നീന്തൽക്കുളം
- ₹2 കോടി രൂപയുടെ മറ്റ് മോടിപിടിപ്പിക്കലുകൾ
എന്നിവ കൂടാതെ ശബരിമല സ്വർണ്ണ മോഷണ വിവാദവും പ്രചാരണങ്ങളിൽ സജീവമായി. ഈ ധൂർത്തുകളെക്കുറിച്ചുള്ള ചോദ്യങ്ങൾക്കു മുന്നിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി മറുപടിയില്ലാതെ വിഷമിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ക്ലിഫ് ഹൗസ് സ്ഥിതി ചെയ്യുന്ന വാർഡിൽ തന്നെ ഇത്തരം വിഷയങ്ങൾ ജനങ്ങൾക്കിടയിൽ സജീവ ചർച്ചയാവുന്നത് എൽ.ഡി.എഫിന് കനത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്. ക്ലീറ്റസ് ഇത്തവണ ക്ലിഫ് ഹൗസിനെ ഞെട്ടിക്കുമെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.
![]()
