തിരുവനന്തപുരം: കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ഞെട്ടലുണ്ടാക്കി തിരുവനന്തപുരത്ത് വീണ്ടും ഒരു പ്രവർത്തകൻ ആത്മഹത്യ ചെയ്തു. തൃക്കണ്ണാപുരം വാർഡിൽ സ്ഥാനാർത്ഥിത്വം നിഷേധിച്ചതിൽ മനംനൊന്ത് ബിജെപി പ്രവർത്തകനായ ആനന്ദ് കെ തമ്പിയാണ് ജീവനൊടുക്കിയത്.
സ്ഥാനാർത്ഥിത്വം ഉറപ്പിച്ച് പ്രചാരണം ആരംഭിച്ച ആനന്ദിന് പകരം വിനോദ് കുമാറിനെ ബിജെപി സ്ഥാനാർത്ഥിയാക്കിയതാണ് ആത്മഹത്യയിലേക്ക് നയിച്ചത്. ഇത് തിരുവനന്തപുരം ബിജെപി നേതൃത്വത്തെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.
ബിജെപി നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ചുകൊണ്ടുള്ള ഒരു ആത്മഹത്യാക്കുറിപ്പ് ആനന്ദിന്റേതായി പുറത്തുവന്നിട്ടുണ്ട്. “മണ്ണ് മാഫിയയുമായി ചേർന്ന് ബിജെപി നേതൃത്വം തനിക്ക് സീറ്റ് നിഷേധിച്ചു” എന്ന് കുറിപ്പിൽ പറയുന്നു. കുട്ടിക്കാലം മുതൽ ആർ.എസ്.എസ്, ബി.ജെ.പി. പ്രവർത്തകനായി ജീവിച്ച തനിക്ക് അർഹമായ പരിഗണന ലഭിച്ചില്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.
കൂടാതെ, തൻ്റെ മൃതദേഹം പാർട്ടി ഓഫീസുകളിൽ കൊണ്ടുപോവുകയരുത് എന്നും ഒരു പാർട്ടി നേതാക്കളും അന്തിമോപചാരം അർപ്പിക്കാൻ വരരുത് എന്നും ആനന്ദ് കുറിപ്പിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ആവശ്യം ബിജെപിക്കുള്ളിൽ വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്.
തൃക്കണ്ണാപുരത്തിന് അടുത്തുള്ള തിരുമല വാർഡ് കൗൺസിലറായിരുന്ന അനിൽ കുമാർ ആത്മഹത്യ ചെയ്തതിലെ പ്രതിസന്ധിയിൽ നിന്നും പാർട്ടി കരകയറും മുമ്പാണ് സമാനമായ മറ്റൊരാത്മഹത്യ കൂടി ഉണ്ടായിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയാണ് അനിൽ കുമാറിന്റെ ആത്മഹത്യക്ക് കാരണമായത്. പാർട്ടി നേതാക്കൾ അടക്കം വായ്പയെടുത്ത ശേഷം തിരിച്ചടക്കാത്തതിനെ തുടർന്നാണ് അദ്ദേഹം കടുത്ത നടപടിയിലേക്ക് നീങ്ങിയത്. രണ്ടാമത്തെ ആത്മഹത്യയോടെ തിരുവനന്തപുരത്തെ ബിജെപി നേതൃത്വം പൊതുസമൂഹത്തിന് മറുപടി നൽകേണ്ട സ്ഥിതിയിലായി.
![]()
