പാറ്റ്‌ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ‘നോട്ട’ (NOTA – None of the Above) യേക്കാൾ പിന്നിലായി പ്രമുഖ ഇടതുപക്ഷ പാർട്ടികളായ സി.പി.എമ്മിന്റെയും സി.പി.ഐയുടേയും പ്രകടനം. തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട ഔദ്യോഗിക കണക്കുകൾ പ്രകാരം, ഒരു സ്ഥാനാർത്ഥിക്കും വോട്ട് ചെയ്യാൻ താൽപര്യമില്ലാത്തവർ രേഖപ്പെടുത്തിയ ‘നോട്ട’ വോട്ട് ശതമാനം, ദേശീയ തലത്തിൽ സ്വാധീനം അവകാശപ്പെടുന്ന ചുവപ്പ് പാർട്ടികൾക്ക് ലഭിച്ചതിനേക്കാൾ വളരെ കൂടുതലാണ്.
കണക്കുകൾ ഇങ്ങനെ:
ബിഹാർ തെരഞ്ഞെടുപ്പിൽ 1.82 ശതമാനം വോട്ടുകളാണ് ‘നോട്ട’ ഓപ്ഷന് ലഭിച്ചത്.
ഇതുമായി താരതമ്യം ചെയ്യുമ്പോൾ, സി.പി.ഐക്ക് ലഭിച്ചത് 0.75 ശതമാനം വോട്ടുകൾ മാത്രമാണ്. എ സി.പി.എമ്മിന്റെ അവസ്ഥ അതിലും പരിതാപകരമാണ്. സി.പി.എമ്മിന് ബിഹാറിൽ ആകെ നേടാനായത് 0.61 ശതമാനം വോട്ടുകൾ മാത്രം.
കേരള മുഖ്യമന്ത്രി പിണറായി വിജയൻ, എം.എ. ബേബി എന്നിവർ ഉൾപ്പെടെയുള്ള പ്രമുഖർ നേതൃത്വം നൽകുന്ന സി.പി.എമ്മിന് ബിഹാറിലെ ജനങ്ങൾ ‘നോട്ട’ക്ക് നൽകിയ വിലപോലും നൽകിയില്ലെന്നാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്. ദേശീയ രാഷ്ട്രീയത്തിൽ ഇടതുപക്ഷ പാർട്ടികളുടെ പ്രസക്തിയും വേരോട്ടവും ഈ ഫലത്തോടെ വീണ്ടും ചോദ്യചിഹ്നത്തിലായിരിക്കുകയാണ്.
വോട്ട് രേഖപ്പെടുത്താൻ താൽപര്യമുള്ള ആരെങ്കിലും തെരഞ്ഞെടുപ്പിൽ മത്സരിക്കുകയാണെങ്കിൽ, ആ പാർട്ടികൾക്ക് കുറഞ്ഞത് ‘നോട്ട’ക്ക് തുല്യമായ പരിഗണനയെങ്കിലും ലഭിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. എന്നാൽ, സംഘടനാ സംവിധാനമുള്ള പ്രമുഖ പാർട്ടികൾ പോലും നോട്ടയേക്കാൾ പിന്നിൽ പോയത്, ദേശീയ തലത്തിൽ സി.പി.എം ഉൾപ്പെടെയുള്ള കമ്മ്യൂണിസ്റ്റ് പാർട്ടികൾ നേരിടുന്ന തകർച്ചയുടെ ആഴം വർദ്ധിപ്പിക്കുന്നു. ഇത് കേരളത്തിന് പുറത്ത് പാർട്ടിക്ക് ഒരു സ്വാധീനവുമില്ല എന്ന വിമർശനം ശരിവെക്കുന്നതാണെന്നും വിലയിരുത്തപ്പെടുന്നു.
![]()
