തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സെമിഫൈനലെന്ന് വിലയിരുത്തുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് മുൻപ് മുന്നണി വിപുലീകരണത്തിനൊരുങ്ങി യു.ഡി.എഫ്. നിരവധി കക്ഷികൾ മുന്നണിയുമായി സഹകരിക്കാൻ താൽപര്യം അറിയിച്ചിട്ടുണ്ടെന്നും, ഉടൻ തന്നെ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വ്യക്തമാക്കി.
യു.ഡി.എഫുമായി സഹകരിക്കാൻ താൽപര്യം പ്രകടിപ്പിച്ച കക്ഷികളുടെ കൂട്ടത്തിൽ പി.വി. അൻവറും സി.കെ. ജാനുവും വൈകാതെ യു.ഡി.എഫിൻ്റെ ഭാഗമാകും. തദ്ദേശ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിനെ പിന്തുണയ്ക്കുമെന്ന് പി.വി. അൻവർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതോടെ, ഇരു കക്ഷികളും വൈകാതെ യു.ഡി.എഫിന്റെ ഭാഗമായേക്കുമെന്നാണ് സൂചന.
ഭരണവിരുദ്ധ വികാരം ആയുധമാക്കാൻ യു.ഡി.എഫ്.
സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടാകുമെന്ന ശക്തമായ പ്രതീതിയുണ്ടെന്നും, ഭരണവിരുദ്ധ വികാരം അത്രമേൽ ശക്തമാണെന്നും വി.ഡി. സതീശൻ അഭിപ്രായപ്പെട്ടു. തദ്ദേശ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് വ്യക്തമായ മുൻതൂക്കം ലഭിക്കുമെന്നാണ് പ്രതീക്ഷ. തദ്ദേശത്തിലെ വിജയം, നിയമസഭാ തിരഞ്ഞെടുപ്പ് എന്ന ‘ഫൈനൽ’ എളുപ്പത്തിൽ ജയിക്കാൻ വഴിയൊരുക്കുമെന്നും യു.ഡി.എഫ് നേതൃത്വം കരുതുന്നു.
ഈ നീക്കം യു.ഡി.എഫിന്റെ അടിത്തറ വിപുലപ്പെടുത്താനും പ്രാദേശിക തലത്തിൽ കൂടുതൽ വോട്ടുകൾ സമാഹരിക്കാനും സഹായിച്ചേക്കും. പി.വി. അൻവറിന്റെ വരവ് മലബാർ മേഖലയിൽ, പ്രത്യേകിച്ച് നിലമ്പൂർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ, യു.ഡി.എഫിന് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ.
![]()
