തിരുവനന്തപുരം: മുൻ എക്സൈസ് മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ എം.ആർ. രഘുചന്ദ്രബാൽ (75) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. കേരള രാഷ്ട്രീയത്തിലെ സവിശേഷ വ്യക്തിത്വമായിരുന്നു അദ്ദേഹം.
1991-ൽ കെ. കരുണാകരൻ മന്ത്രിസഭയിൽ എക്സൈസ് മന്ത്രിയായി പ്രവർത്തിച്ച അദ്ദേഹം, തന്റെ വേറിട്ട പ്രവർത്തന ശൈലിയിലൂടെ ശ്രദ്ധേയനായി. എക്സൈസ് മന്ത്രിയായിരിക്കെ ഗാർഡുകളുടെ കാക്കി യൂണിഫോം ധരിച്ച് കള്ളവാറ്റുകാരെ തേടി കാടുകയറി പരിശോധനകൾ നടത്തിയത് അന്ന് വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു.
1980-ൽ കോവളത്തുനിന്നും 1991-ൽ പാറശാലയിൽനിന്നും നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം രണ്ടു തവണ എം.എൽ.എയായി പ്രവർത്തിച്ചു. കൂടാതെ, കാഞ്ഞിരംകുളം പഞ്ചായത്ത് പ്രസിഡന്റായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
നാടകങ്ങൾ എഴുതുകയും അഭിനയിക്കുകയും ഗാനങ്ങൾ രചിക്കുകയും ചെയ്തിരുന്ന ഒരു കലാകാരൻ കൂടിയായിരുന്നു രഘുചന്ദ്രബാൽ. മന്ത്രിയായിരിക്കെയായിരുന്നു അദ്ദേഹത്തിൻ്റെ വിവാഹം. ഭാര്യ സി.എം. ഓമനയാണ്. ഐ.എ.എസ്. ഉദ്യോഗസ്ഥനായ ആർ. പ്രപഞ്ച്, ആർ. വിവേക് എന്നിവരാണ് മക്കൾ. പൊതുരംഗത്തെ സജീവ സാന്നിധ്യമായിരുന്ന നേതാവിന്റെ വിയോഗത്തിൽ രാഷ്ട്രീയ-സാംസ്കാരിക രംഗത്തെ പ്രമുഖർ അനുശോചിച്ചു.
![]()
